മാരാമൺ (പത്തനംതിട്ട): പാലക്കാട് ബ്രൂവറി തുടങ്ങാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ മാർത്തോമ സഭാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മെത്രാപ്പൊലീത്ത. ഇപ്പോൾതന്നെ മദ്യത്തിൽ മുങ്ങിയ നാടിനെ ഇത് സർവനാശത്തിലേക്ക് നയിക്കുമോ എന്ന ഉത്കണ്ഠയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. 130-ാമത് മാരാമൺ കൺവെൻഷൻ പങ്കാ മണപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാമൂഹികാന്തരീക്ഷം ക്രിമിനലുകളെ സൃഷ്ടിക്കുന്നു. കുട്ടികൾ ക്രിമിനൽ, പോക്സോ കേസുകളിൽ പ്രതികളാകുന്നു. മാനസികാരോഗ്യം തകർക്കുന്നതിൽ ലഹരി വഹിക്കുന്ന പങ്ക് ചെറുതല്ല.
കേരളം വിവാദം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു. അന്ധവിശ്വാസ നിരോധന ബിൽ നടപ്പാക്കാൻ സർക്കാർ വൈകരുത്. കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ വേർപാട് സമൂഹത്തെ ബാധിച്ച അപചയം വ്യക്തമാക്കുന്നു. പൊലീസിന്റെ നരനായാട്ട് വച്ചുപൊറുപ്പിക്കരുതെന്നും കഴിഞ്ഞ ദിവസം വിവാഹപ്പാർട്ടിയെ പൊലീസ് ആക്രമിച്ച സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് മേധാവിയോട് യോജിച്ച്
കുട്ടികളെയും യുവജനങ്ങളെയും ധാർമ്മികതയിൽ വളർത്തണമെന്ന ആർ. എസ്. എസ് മേധാവി ഡോ. മോഹൻ ഭാഗവതിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ലഹരിക്കെതിരായ പോരാട്ടം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് ഭാഗവത് പറഞ്ഞത് ശ്ലാഘനീയമാണ്. വിവിധ സമുദായ സംഘടനകളുമായി ചേർന്ന് ലഹരിക്കെതിരായ പോരാട്ടത്തിൽ സഭ പങ്കുചേരുമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |