പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമ്മാണശാല സ്ഥാപിക്കാൻ ഒയാസിസിന് ഇളവ് നൽകേണ്ടെന്ന കൃഷി വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. ഡേറ്റ ബാങ്കിൽ നിന്നും ഒഴിവാക്കണമെന്ന അപേക്ഷയിലാണ് കൃഷി വകുപ്പ് റിപ്പോർട്ട് പുറത്തിറക്കിയത്. നാല് ഏക്കർ സ്ഥലത്തിന് ഇളവ് വേണമെന്നായിരുന്നു കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ 2008ൽ ഇവിടെ നെൽകൃഷി ചെയ്തിരുന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒ ഒയാസിസിന്റെ അപേക്ഷ നിരസിച്ചത്. ഭൂമി തരംമാറ്റുന്നതിനായി ഒയാസിസ് നൽകിയ അപേക്ഷ തള്ളി റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. പാലക്കാട് എലപ്പുള്ളിയിൽ 24 ഏക്കർ ഭൂമിയാണ് ഒയാസിസ് കമ്പനിക്കുള്ളത്. ഇതിൽ നാല് ഏക്കർ ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതാണ്. ഭൂമി തരം മാറ്റി, ഡേറ്റ ബാങ്കിൽ നിന്നും ഒഴിവാക്കി നൽകണമെന്നുമാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷയാണ് പാലക്കാട് ആർ.ഡി.ഒ തള്ളിയത്. ജനുവരി 24 നാണ് ഉത്തരവിറങ്ങിയത്. സ്ഥലത്ത് പരിശോധന നടത്തിയ എലപ്പുള്ളി കൃഷി ഓഫീസർ, ഒയാസിസ് തരംമാറ്റം ആവശ്യപ്പെട്ട ഭൂമിയിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകി. ഈ നാലേക്കറിൽ കൃഷിയല്ലാതെ, നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |