കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ മികച്ച ജയം. അവസാന മത്സരം ബാക്കി നിൽക്കെയാണ് മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തം പേരിലാക്കിയത്. കുറച്ച് കാലമായി ബാറ്റിംഗിൽ താളം കണ്ടെത്താൻ വിഷമിച്ചിരുന്ന നായകൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയാണ് ആരാധകർക്ക് ജയത്തേക്കാൾ സന്തോഷം സമ്മാനിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി പടിവാതിക്കലെത്തി നിൽക്കെ രോഹിത് ഫോം വീണ്ടെടുത്തത് ടീമിനും ആത്മവിശ്വാസം പകരുന്നുണ്ട്. ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനം ബുധനാഴ്ച അഹമ്മദാബാദിൽ നടക്കും.
സ്‌കോർ: ഇംഗ്ലണ്ട് 304-10 (49.5) ഇന്ത്യ 308 -6 (44.3)
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് രോഹിത് ശർമ്മ 119(90) , ശുഭ്മാൻ ഗിൽ 60 (52) സഖ്യം സമ്മാനിച്ചത്. 16.4 ഓവറിൽ 136 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. ഗില്ലിനെ ഓവർടൺ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു. മൂന്നാമനായി എത്തിയ വിരാട് കൊഹ്ലിക്ക് തിളങ്ങാനായില്ല, എട്ട് പന്തുകളിൽ നിന്ന് വെറും അഞ്ച് റൺസ് മാത്രമാണ് മുൻ നായകന്റെ സമ്പാദ്യം. ആദിൽ റഷീദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഫിലിപ് സാൾട്ടിന് ക്യാച്ച് നൽകിയാണ് കൊഹ്ലി മടങ്ങിയത്.
നാലാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് സെഞ്ച്വറി പിന്നിട്ടു. 12 ബൗണ്ടറികളും ഏഴ് സിക്സറുകളും നിറഞ്ഞതായിരുന്നു രോഹിത് ശർമ്മയുടെ 32ാം ഏകദിന സെഞ്ച്വറി. 30ാം ഓവറിൽ ലിവിംഗ്സ്റ്റണെ സിക്സറിന് പറത്താനുള്ള ശ്രമത്തിലാണ് നായകൻ പുറത്തായത്. 70 റൺസാണ് മൂന്നാം വിക്കറ്റിൽ ശ്രേയസ് രോഹിത് സഖ്യം കൂട്ടിച്ചേർത്തത്. ടീം സ്‌കോർ 258ൽ നിൽക്കെ ശ്രേയസ് അയ്യർ 44(47) റണ്ണൗട്ടായി. അക്സർ പട്ടേലുമായുള്ള ആശയക്കുഴപ്പാണ് റണ്ണൗട്ടിലേക്ക് നയിച്ചത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാ്ര്രപൻ ജോസ് ബട്ലർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.49.5 ഓവറിൽ 304 റൺസിന് ഇംഗ്ലണ്ട് ഓൾഔട്ട് ആകുകയായിരുന്നു.അർദ്ധ സെഞ്ച്വറികൾ നേടിയ ഓപ്പണർ ബെൻ ഡക്കറ്റ് 65(56), ജോ റൂട്ട് 69(72) എന്നിവരുടെ മികവിലാണ് ഇംഗ്ലീഷ് ടോട്ടൽ 300 കടന്നത്. ഫിലിപ് സാൾട്ട് 26(29), ഹാരി ബ്രൂക് 31(52), ക്യാ്ര്രപൻ ജോസ് ബട്ലർ 34(35), ലിയാം ലിവിംഗ്സ്റ്റൺ 41(32) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. ജേമി ഓവർടൺ 6(10) ഗസ് അറ്റ്കിൻസൺ 3(7), ആദിൽ റഷീദ് 14(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്‌കോറുകൾ.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ പത്ത് ഓവറിൽ 35 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |