മണിപ്പൂർ ബി.ജെ.പിയിൽ പാളയത്തിൽ പട അമിത് ഷാ കൈവിട്ടു
രാജി കോൺഗ്രസ് അവിശ്വാസം കൊണ്ടുവരാനിരിക്കെ
ന്യൂഡൽഹി : മണിപ്പൂരിൽ മുന്നൂറോളം പേർ കൊല്ലപ്പെടാനിടയാക്കിയ കുക്കി- മെയ്തി വംശീയ കലാപം ആരംഭിച്ച് 21 മാസത്തിന് ശേഷം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഇന്നലെ നാടകീയമായി രാജി വച്ചു..മൂന്നു മാസത്തെ രാഷ്ട്രപതി ഭരണത്തിന് ഗവർണർ അജയ് കുമാർ ഭല്ല ശുപാർശ ചെയ്യുമെന്ന് സൂചന. അതിനിടയ്‌ക്ക് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചേക്കും. അതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ബിരേൻ സിംഗിനോട് ഗവർണർ നിർദ്ദേശിച്ചു.
അറുപതിനായിരത്തോളം കുടുംബങ്ങൾ പലായനം ചെയ്യുകയും, പതിനയ്യായിരത്തോളം വീടുകൾ അഗ്നിക്ക്
ഇരയാവുകയും, ചെയ്തിട്ടും വംശീയ കലാപം അടിച്ചമർത്തുന്നതിലും ,സംസ്ഥാനത്ത് സമാധാന ജീവിതം വീണ്ടെടുക്കുന്നതിലും ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരും, കേന്ദ്ര സർക്കാരും പരാജയപ്പെട്ടത്
രാജ്യമാകെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.നൂറുകണക്കിന് ആരാധനാലയങ്ങളും സ്‌കൂളുകളും അക്രമികൾ തകർത്തു. യുവതികളെ നഗ്നരാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടലോടൊണ് രാജ്യം കണ്ടത്. കേന്ദ്രസർക്കാരും മണിപ്പൂർ സർക്കാരും കാഴ്ചക്കാരായി നിന്നപ്പോൾ, സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നു.കലാപം തുടങ്ങി 21 മാസത്തിനിടെ ഒരു തവണ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാതിരുന്നതും വൻ പ്രതിഷേധത്തിന് ഇടയാക്കി.കലാപം നിയന്ത്രണാതീതമായപ്പോഴും ഇത്രയും കാലം ബിരേൻ സിംഗിനെ സംരക്ഷിച്ചു നിറുത്തിയിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒടുവിൽ അദ്ദേഹത്തെ കൈവിടുകയും, രാജി വയ്‌ക്കാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നാണ് സൂചന. ഇന്നലെ രാവിലെ ഡൽഹിയിൽ അമിത് ഷായുമായി ബിരേൻ സിംഗ് രണ്ടു മണിക്കൂറിലേറെ ചർച്ച നടത്തിയിരുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മണിപ്പൂരിലെ പകുതിയോളം ബി.ജെ.പി എം.എൽ.എമാർ ബിരേൻ സിംഗിനെ നീക്കാൻ കേന്ദ്ര നേതൃത്വത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. . കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ഇംഫാലിൽ തിരിച്ചെത്തിയ ബിരേൻ സിംഗ് വൈകിട്ട് അഞ്ചിന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
നിയമസഭാ സമ്മേളനം
റദ്ദാക്കി ഗവർണർ
മുഖ്യമന്ത്രിയുടെ രാജിയെ തുടർന്ന്, ഇന്ന് ചേരാനിരുന്ന മണിപ്പൂർ നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനം ഗവർണർ
റദ്ദാക്കി... ബിരേൻ സിംഗ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് നേരത്തേ വ്യക്തമായിരുന്നു. ബി.ജെ.പിയിലെ കുക്കി എം.എൽ.എമാർ ഉൾപ്പെടെ ഒരു വിഭാഗം ബിരേൻ സിംഗിനെതിരെ നീങ്ങിയ രാഷ്ട്രീയ സാഹചര്യം നിലനിൽക്കെയാണ്, ദേശീയ നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ.
'ബിരേൻ സിംഗ് മണിപ്പൂരിൽ വിഭജനമുണ്ടാക്കാൻ ശ്രമിച്ചു. അക്രമം തുടർന്നപ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. മോദി മണിപ്പൂർ സന്ദർശിക്കണം.'
-രാഹുൽ ഗാന്ധി
ലോക്സഭ പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |