വിദേശ, ആഭ്യന്തര നിക്ഷേപകർക്ക് ആശങ്കയേറുന്നു
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും കമ്പനികളുടെ പ്രവർത്തന ലാഭത്തിലെ ഇടിവും ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് വെല്ലുവിളിയാകുന്നു. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കമാണ് പ്രധാനമായും നിക്ഷേപകരെ അലട്ടുന്നത്. ഇതോടൊപ്പം ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ മുൻനിര കമ്പനികളുടെ ലാഭത്തിലും വിറ്റുവരവിലും കനത്ത ഇടിവുണ്ടായതും സാമ്പത്തിക മേഖലയിലെ തളർച്ച ശക്തമാണെന്ന് വ്യക്തമാക്കുന്നു.
സെപ്‌തംബർ 27ന് ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകളായ സെൻസെക്‌സ്, നിഫ്‌റ്റി എന്നിവ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തിയതിനു ശേഷം ഇതുവരെ പത്ത് ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ഇത്രയേറെ ഇടിവ് നേരിട്ടതിന് ശേഷവും ഇന്ത്യൻ ഓഹരികളുടെ മൂല്യം ഉയർന്ന തലത്തിലാണെന്ന് ആഗോള ഏജൻസികൾ പറയുന്നു.
ചൈനയും ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര യുദ്ധം ആഗോള സാമ്പത്തിക മേഖലയ്ക്ക് കടുത്ത വെല്ലുവിളികൾ സൃഷ്‌ടിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. തീരുവ വർദ്ധന അമേരിക്കയിൽ വിലക്കയറ്റം രൂക്ഷമാക്കുമെന്നതിനാൽ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിച്ചേക്കും.
1. ആഗോള വ്യാപാര യുദ്ധം ലോകമൊട്ടാകെ വിലക്കയറ്റം രൂക്ഷമാക്കും
2. ഇന്ത്യൻ കമ്പനികളുടെ ലാഭത്തിലെ ഇടിവ് മാന്ദ്യ ഭീഷണിയുടെ സൂചന
3. അമേരിക്കൻ ഡോളർ കരുത്താർജിക്കുന്നതിനാൽ വിദേശ നിക്ഷേപകർ പിന്മാറുന്നു
4. രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളിയാകും
5. ആഭ്യന്തര നിക്ഷേപകരും ഓഹരികളിൽ പണം മുടക്കാൻ മടിക്കുന്നു
വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തം
നടപ്പുവർഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 87,500 കോടി രൂപയാണ് പിൻവലിച്ചത്. ജനുവരിയിൽ 87,374 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്. ഫെബ്രവരിയിലെ ആദ്യ എട്ടു ദിവസത്തിനിടെ 10,174 കോടി രൂപയാണ് വിദേശ ഫണ്ടുകൾ തിരിച്ചുകൊണ്ടുപോയത്. അമേരിക്ക തീരുവ യുദ്ധം ശക്തമാക്കിയാൽ വരും ദിവസങ്ങളിലും വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടാനാണ് സാദ്ധ്യത.
ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നതും യു.എസ് ബോണ്ടുകളുടെ മൂല്യവർദ്ധനയുമാണ് വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കാൻ കാരണം
വി.കെ വിജയകുമാർ
ചീഫ് ഇൻവെസ്‌റ്റ്‌മെന്റ് സ്ട്രാറ്റജിസ്‌റ്റ്
ജിയോജിത് ഫിനാൻഷ്യൽ സർവീസസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |