ഉയർന്ന പലിശ നിരക്ക് നേട്ടമായി
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസങ്ങളിൽ റെക്കാഡ് ലാഭവുമായി പൊതുമേഖല ബാങ്കുകളുടെ തകർപ്പൻ പ്രകടനം. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ അറ്റാദായത്തിലും വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും കിട്ടാക്കടങ്ങൾ കുറയ്ക്കുന്നതിലും മുൻപൊരിക്കലുമില്ലാത്ത നേട്ടമാണ് പൊതുമേഖല ബാങ്കുകൾ നേടിയത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുതൽ താരതമ്യേന ചെറിയ ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്‌ട്ര വരെ മികച്ച പ്രകടനമാണ് ഈ കാലയളവിൽ കാഴ്ചവച്ചത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ആദ്യ ഒൻപത് മാസങ്ങളിൽ പൊതുമേഖല ബാങ്കുകളുടെ അറ്റാദായം മുൻവർഷം ഇതേകാലയളവിനേക്കാൾ 31.3 ശതമാനം ഉയർന്ന് 1.29 ലക്ഷം കോടി രൂപയായി ഉയർന്നു. പൊതുമേഖല ബാങ്കുകളുടെ പ്രവർത്തന ലാഭം അവലോകന കാലയളവിൽ 2.20 ലക്ഷം കോടി രൂപയായി ഉയർന്നു.
കൊവിഡ് കാലയളവിന് ശേഷം വിവിധ കാരണങ്ങളാൽ നാണയപ്പെരുപ്പം അസാധാരണമായി ഉയർന്നതോടെ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചതും സാമ്പത്തിക മേഖലയിലെ ഉണർവുമാണ് രാജ്യത്തെ ബാങ്കുകൾക്ക് ലോട്ടറിയായത്.
ബാങ്കുകൾക്ക് കാര്യക്ഷമത കൂടുന്നു
1. പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പയുടെ 0.59 ശതമാനമായി താഴ്ന്നു
2. മൊത്തം ബിസിനസ് ഒൻപത് മാസത്തിൽ 11 ശതമാനം വർദ്ധനയോടെ 242.27 ലക്ഷം കോടി രൂപയായി
3. പ്രൊഫഷണൽ മാനേജ്‌മെന്റും ലയന നടപടികളും ബാങ്കുകളുടെ പ്രവർത്തനക്ഷമത ഉയർത്തി
4. കേന്ദ്ര സർക്കാരിന് ലാഭവിഹിതമായി ഇത്തവണയും ഒരു ലക്ഷം കോടി രൂപയിലധികം നൽകിയേക്കും
വായ്പകളിലെ വളർച്ച
റീട്ടെയിൽ : 16.6 ശതമാനം
കാർഷിക മേഖല : 12.9 ശതമാനം
എം.എസ്.എം.ഇ : 12.5 ശതമാനം
പൊതുമേഖല ബാങ്കുകൾ
കേന്ദ്ര സർക്കാരിന് ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള 12 ബാങ്കുകളാണ് പൊതുമേഖല ബാങ്കുകൾ. എസ്.ബി.ഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയാണ് ഇതിലെ പ്രമുഖകൾ.
ബാങ്ക് : അറ്റാദായം (ഒക്ടോബർ-ഡിസംബർ) : വർദ്ധന
എസ്.ബിഐ : 16,891 കോടി രൂപ : 84 ശതമാനം
പഞ്ചാബ് നാഷണൽ ബാങ്ക് : 4,508 കോടി രൂപ : 103 ശതമാനം
യൂണിയൻ ബാങ്ക് : 4,604 കോടി രൂപ : 28.24 ശതമാനം
ബാങ്ക് ഒഫ് ബറോഡ : 4,837 കോടി രൂപ : 5.6 ശതമാനം
ഇന്ത്യൻ ബാങ്ക് : 2,852 കോടി രൂപ : 34.58 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |