കേന്ദ്ര, സംസ്ഥാന ബഡ്‌ജറ്റുകൾ നീതിപാലിച്ചില്ല
കോട്ടയം: കേന്ദ്ര, സംസ്ഥാന ബഡ്‌ജറ്റുകളിൽ കാര്യമായ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാത്തതിനാൽ കാർഷിക മേഖല നിരാശയിലായി. താങ്ങുവില ഉയർത്തിയും അധിക ആനുകൂല്യങ്ങൾ നൽകിയും കർഷകർക്ക് ബഡ്‌ജറ്റ് ആശ്വാസം പകരുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. റബറെന്ന വാക്ക് പോലും സംസ്ഥാന ബഡ്ജറ്റിൽ ഇല്ലെന്ന് കർഷകർ പറയുന്നു.
നിലവിൽ 180 രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സിഡി സ്കീം നിരക്ക്. കഴിഞ്ഞ ബഡ്ജറ്റിൽ താങ്ങുവില പത്ത് രൂപ ഉയർത്തിയിരുന്നു. ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ താങ്ങുവില 250 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും വിപണി വില ഉയരുന്ന സാഹചര്യത്തിൽ താങ്ങുവില 200 രൂപ ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഒരു കിലോ റബറിന് വ്യാപാരി വില 183 രൂപയും റബർ ബോർഡ് വില 191 രൂപയും അന്താരാഷ്ട്ര വില 206 രൂപയുമാണ്. കഴിഞ്ഞ ബഡ്ജറ്റിൽ റബർ വില സ്ഥിരതാ ഫണ്ടിലേക്ക് 600 കോടി വകയിരുത്തിയിട്ടും 60 കോടി മാത്രമാണ് വിനിയോഗിച്ചത്. റബർ ഉത്പാദന പ്രോത്സാഹന പദ്ധതിയിൽ പത്തുകോടിയുടെ കുടിശികയുണ്ട്. ഇത് എട്ടു ലക്ഷത്തിലധികം ചെറുകിട റബർ കർഷകരോടുള്ള സർക്കാർ മനോഭാവമാണ് അവഗണന വ്യക്തമാക്കുന്നതെന്ന് കർഷകർ പറയുന്നു.
നെൽകർഷർക്കും നേട്ടമില്ല
## നെൽകർഷകരെയും ബഡ്‌ജറ്റ് നിരാശരാക്കി. കിലോയ്‌ക്ക് 28 രൂപ 32 പൈസയാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ച വില . നെല്ലിലെ ഈർപ്പവും മറ്റും കണക്കാക്കി സ്വകാര്യമില്ലുകൾ വിലപേശുന്ന സാഹചര്യത്തിൽ കൃഷി ചെലവ് കണക്കിലെടുത്ത് നെൽവില ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വിലയായി നൽകുന്ന തുകയും വർദ്ധിപ്പിച്ചില്ല.
## അഞ്ച് ശതമാനം നികുതിയുള്ള കാർഷിക വിള റബർ മാത്രമാണ്. പത്തുവർഷമായി പലരും ടാപ്പിംഗ് നടത്തിയിരുന്നത് വിലസ്ഥിരതാ ഫണ്ട് പ്രതീക്ഷിച്ചായിരുന്നു. താങ്ങുവില വിപണി വിലയിലും കൂട്ടിയില്ലെങ്കിൽ കർഷകർക്ക് പ്രയോജനം ലഭിക്കില്ല. വിലസ്ഥിരതാ ഫണ്ടില്ലെങ്കിൽ കൃഷി ഉപേക്ഷിക്കുന്ന വരുടെ എണ്ണം കൂടും
ബാബു ജോസഫ്
ജനറൽ സെക്രട്ടറി
റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |