തൃശൂർ: വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ നാലുദിവസമായി നടന്നുവരുന്ന 37-ാം കേരള ശാസ്ത്ര കോൺഗ്രസ് ഇന്ന് സമാപിക്കും. രാവിലെ 7.30 മുതൽ 8.30 വരെ ശാസ്ത്രജ്ഞരുടെയും വിദ്യാർത്ഥികളുടെയും പ്രഭാത നടത്തം. ശാസ്ത്രജ്ഞരായ എം.സി. ദത്തൻ, ഡോ. സുരേഷ് ദാസ്, പ്രൊഫ. ജി.എം.നായർ, പ്രൊഫ. എസ്.ഡി.ബിജു, ഡോ. എൻ.അനിൽകുമാർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും. 9.30 മുതൽ എം.എസ്.സ്വാമിനാഥൻ ഹാളിൽ സ്റ്റാർട്ടപ്പ് കോൺക്ലേവ്. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ അവതരണങ്ങളും ചർച്ചകളും. വൈകിട്ട് 3.30ന് സമാപന ചടങ്ങിൽ പ്രൊഫ. കെ.പി. സുധീർ അദ്ധ്യക്ഷനാകും. കൃഷി മന്ത്രി പി.പ്രസാദ്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി. അശോക് എന്നിവർ സംസാരിക്കും. പ്രൊഫ. എം.കെ ജയരാജ് റിപ്പോർട്ട് അവതരിപ്പിക്കും. ഗവേഷണ പ്രബന്ധങ്ങൾക്കും പോസ്റ്ററുകൾക്കും മികച്ച സ്റ്റാളുകൾക്കുമുള്ള അവാർഡുകൾ, സിസോൾ പുരസ്കാരങ്ങൾ എന്നിവ നൽകും. പ്രൊഫ. എ. സാബു സ്വാഗതവും ഡോ. സി.അരുൺ നന്ദിയും പറയും.
യുക്തിവാദി സംഘം മാർച്ചും ധർണയും
തിരുവനന്തപുരം: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന മാർച്ചിന് എ.കെ.നാഗപ്പൻ, സുനിൽ ബാബു, ശൂരനാട് ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകും. സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന ധർണ്ണയിൽ മുൻമന്ത്രി നീലലോഹിതദാസൻ നാടാർ, യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറി പി.എസ്.രാമൻകുട്ടി, സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴിക്കോട്, എം.പി.ശ്രീധരൻ, ജമീല പ്രകാശം, വി.ശശി, സി.പി.ജോൺ, ചെറിയാൻ ഫിലിപ്പ്, ആർ.അജയൻ, പ്രൊഫ.വി.എൻ.മുരളി, പി.കെ.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
നഴ്സിംഗ്അസിസ്റ്റന്റിന്റെ
സസ്പെൻഷൻ
പിൻവലിക്കണം
തിരുവനന്തപുരം : വൈക്കം താലൂക്ക് ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റെത്തിയ കുട്ടിയുടെ തലയിലെ മുറിവിൽ, വൈദ്യുതി തടസപ്പെട്ടപ്പോൾ മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ട സംഭവത്തിൽ നഴ്സിംഗ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെ.ജി.എച്ച്.ഇ.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ജനറേറ്റർ പ്രവർത്തിപ്പിക്കേണ്ട ജീവനക്കാരനെതിരെയോ മറ്റ് ഉത്തരവാദപ്പെട്ടവർക്കെതിരെയോ നടപടി സ്വീകരിക്കാതെ രക്തസ്രാവം തടയുന്നതിന് തുന്നൽ ഇടാൻ സഹായിച്ച നഴ്സിംഗ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തത് പ്രതിഷേധാർഹമാണ്.
യഥാർത്ഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധിയായ നഴ്സിംഗ് അസിസ്റ്റന്റിനെ ശിക്ഷിക്കുന്ന നടപടി അപലപനീയമാണെന്നും കെ.ജി.എച്ച്.ഇ.എ സംസ്ഥാന പ്രസിഡന്റ് കൊച്ചുത്രേസ്യ ജാൻസി, ജനറൽ സെക്രട്ടറി ടി.അജികുമാർ എന്നിവർ പറഞ്ഞു.
വനംവകുപ്പിലെ
പൊതുസ്ഥലംമാറ്റം:
നിർദ്ദേശം പാലിക്കണം
ജിജി ലൂക്കോസ്
തിരുവനന്തപുരം: ജീവനക്കാരുടെ സ്ഥലംമാറ്റം സ്പാർക്കിലൂടെ നടത്തണമെന്ന നിർദ്ദേശം മറി കടക്കുന്നതിനെതിരേ നടപടിയുമായി വനം വകുപ്പ്. നിർദ്ദേശം മറികടന്ന് സർക്കിളുകളിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരെ സ്വന്തം നിലയിൽ സ്ഥലംമാറ്റിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ നടപടികൾ മരവിപ്പിച്ചു.
എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ ഫെബ്രുവരി 10നകം സ്പാർക്ക് സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തി ലോക്ക് ചെയ്യാൻ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം എ.പി.സി.സി.എഫ് (ഭരണം) ഉത്തരവിട്ടു.സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ (എസ്.എഫ്.ഒ) മുതലുള്ള തസ്തികകളിൽ ഓൺലൈൻ സ്ഥലംമാറ്റം മാത്രമേ നടപ്പാക്കാവൂയെന്ന നിർദ്ദേശം മറികടന്ന് സി.സി.എഫുമാർ സ്വന്തം നിലയിൽ സ്ഥലംമാറ്റം നടപ്പാക്കിയ സാഹചര്യത്തിലാണ് സർക്കാർ നടപടി. കൊല്ലം, റാന്നി ഡിവിഷനുകളിൽ നടത്തിയ സ്ഥലംമാറ്റമാണ് മരവിപ്പിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലംമാറ്റം അതാത് ഡിവിഷനുകൾക്കുള്ളിൽ നടത്താമെങ്കിലും എസ്.എഫ്.ഒ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, റേഞ്ച് ഓഫീസർ തസ്തികകളിലുള്ളവരുടെ സ്ഥലംമാറ്റം സ്പാർക്കിലൂടെ മാത്രമേ നടത്താവൂയെന്നാണ് സർക്കാർ നിർദ്ദേശം. അടിയന്തര സാഹചര്യമുണ്ടെങ്കിൽ അതിനായി പ്രത്യേക അനുവാദം തേടണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, നിർദ്ദേശം ലംഘിച്ച് 15 ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. സ്പാർക്കിലൂടെ സ്ഥലംമാറ്റമുണ്ടായാൽ ഇഷ്ടമില്ലാത്ത സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടിവരുമെന്നതിനാൽ വകുപ്പിലുള്ളവരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് സ്വന്തം നിലയിൽ സ്ഥലംമാറ്രം നേടുകയാണെന്ന് ആരോപണമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |