പാവറട്ടി: ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് തുടങ്ങാൻ വേണ്ടി തീരുമാനിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ഒന്നിന് ഡോ. എ.അയ്യപ്പന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ.എ.അയ്യപ്പൻ ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ റാഫി നീലങ്കാവിൽ മുരളി പെരുനെല്ലി എം.എൽ.എയ്ക്ക് നിവേദനം നൽകി.
മൂന്നാറിൽ വികസിപ്പിച്ചെടുക്കുന്ന കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (കിയാസ്) കേരളത്തിന്റെ ചരിത്രം, സംസ്‌കാരം, സാമൂഹിക, സാമ്പത്തിക വിഷയങ്ങൾ എന്നിവയിൽ ആഴത്തിലുള്ള ഗവേഷണത്തിന് ഊന്നൽ നൽകുന്നതാണ്. അതിന് ഡോ. അയ്യപ്പന്റെ പേര് നൽകുന്നത് ഉചിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാവറട്ടി മരുതയൂർ അയിനിപ്പുള്ളി കുടുംബത്തിൽ ജനിച്ച എ.അയ്യപ്പൻ ഏഷ്യയിലെ നരവംശശാസ്ത്ര സംഘടനയുടെ അദ്ധ്യക്ഷൻ, കേരള സർവകലാശാലാ മുൻ വൈസ് ചാൻസലർ, മദ്രാസ്, ആന്ധ്ര, ഒഡീഷ സർവകലാശാലകളിൽ പ്രൊഫസർ, മദ്രാസ് മ്യൂസിയം ക്യൂറേറ്റർ, ആർട്ട് ഗാലറി സൂപ്രണ്ട്, കേന്ദ്ര പ്ലാനിംഗ് കമ്മിഷൻ അംഗം തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്. 1988 ജൂൺ 28നാണ് ഡോ. എ. അയ്യപ്പൻ വിട പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |