ബെയ്റൂട്ട് : രണ്ട് വർഷത്തിന് ശേഷം ലെബനനിൽ പുതിയ സർക്കാർ അധികാരമേറ്റു. പ്രധാനമന്ത്രി നവാഫ് സലാമിന്റെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭയുണ്ടാക്കിയത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രസിഡന്റായ സലാം പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഒരു മാസത്തിനു ശേഷമാണിത്. 2022ൽ കാവൽ മന്ത്രിസഭ രാജിവച്ചത്. അതേസമയം, പ്രധാനമന്ത്രി സലാമിനും പ്രസിഡന്റ് ജോസഫ് ഔനും ഹിസ്ബുള്ള പിന്തുണ നൽകിയിട്ടില്ല.
മുൻ സൈനിക മേധാവിയായ ജോസഫ് ഔനിനെ കഴിഞ്ഞ മാസമാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഹിസ്ബുള്ളയുമായി താൽപര്യമില്ലാത്ത സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാനുള്ള നീക്കത്തിലാണ് പുതിയ സർക്കാർ.
നവംബറിൽ വെടിനിർത്തൽ കരാർ നിലവിൽവന്ന ശേഷവും ഇസ്രായേൽ തെക്കൻ ലെബനാനിൽ കനത്തആക്രമണം നടത്തിയിരുന്നു. പതിനായിരങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും വൈദ്യുതിമേഖല തകരുകയും ചെയ്ത രാജ്യം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നും നീതിന്യായ സംവിധാനം ഉടച്ചുവാർക്കുമെന്നും സലാം വ്യക്താക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |