ന്യൂഡൽഹി : 27 വർഷത്തിന് ശേഷം ബി.ജെ.പി ഡൽഹിയുടെ അധികാരം ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രി ആരാകുമെന്നതിൽ സസ്‌പെൻസ് തുടരുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളുമായും ആശയവിനിമയം തുടരുന്നു.
ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമാദിയും അമിത് ഷായും പാർട്ടി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും ചർച്ച നടത്തിയിരുന്നു. നാലു ദിവസത്തെ വിദേശഹസന്ദർശനത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടും. അദ്ദേഹം തിരിച്ചുവന്ന ശേഷമാകും സത്യപ്രതിജ്ഞ. ഫ്രാൻസ് - യു.എസ് സന്ദർശനം 13 വരെയാണ്. ശനിയാഴ്ചയോ ഞായറാഴ്ചയോ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് സൂചനകൾ.ധൃതി വേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. ആദ്യ കാബിനറ്റിൽ തന്നെ ആം ആദ്മി സർക്കാരിന്റെ അഴിമതികൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഉത്തരവിടും.
പർവേഷിന്
മുൻതൂക്കം
കേജ്‌രിവാളിനെ വീഴ്‌ത്തിയ പർവേഷ് സാഹിബ് സിംഗ് വെർമയുടെ പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് കൂടുതലായി കേൾക്കുന്നത്. മുതിർന്ന ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്‌ത, ആശിഷ് സൂദ്, ലോക്‌സഭാ എം.പിമാരായ മനോജ് തിവാരി, ഹർഷ് മൽഹോത്ര, പാർട്ടി ഡൽഹി ഘടകത്തിന്റെ മുൻ അദ്ധ്യക്ഷൻ സതീഷ് ഉപാദ്ധ്യായ, ഡൽഹി കലാപത്തിൽ പ്രകോപന പ്രസംഗം നടത്തി വിവാദത്തിലായ കപിൽ മിശ്ര, സിഖ് മതവിശ്വാസിയും പാർട്ടിയുടെ ദേശീയ സെക്രട്ടറിയുമായ മൻജീന്ദർ സിംഗ് സിർസ എന്നിവരുടെ പേരുകളും നേതൃത്വത്തിന് മുന്നിലുണ്ട്. വനിതാ മുഖ്യമന്ത്രി വേണമെന്ന് നേതൃത്വം തീരുമാനിച്ചാൽ മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകളും ലോക്‌സഭാ എം.പിയുമായ ബാൻസുരി സ്വരാജ്, ശിഖാ റായ്, രേഖാ ഗുപ്‌ത എന്നിവരുടെ പേരുകൾ പരിഗണിച്ചേക്കും.
അച്ഛന്റെ പദ്ധതികൾ
പൂർത്തിയാക്കാൻ
മുഖ്യമന്ത്രി പദത്തിലേക്ക് കൂടുതൽ സാദ്ധ്യതയുള്ള പർവേഷ് സാഹിബ് സിംഗ് വെർമ ബി.ജെ.പി നേതൃത്വത്തിന്റെ വിശ്വസ്തനും മുന്നണി പോരാളിയും. ആംആദ്മിയുടെ നെടുംതൂണായ അരവിന്ദ് കേജ്‌രിവാളിനെ തകർത്തു തരിപ്പണമാക്കാൻ ജാട്ട് സമുദായക്കാരനായ നേതാവിനെ പാർട്ടി രംഗത്തിറക്കിയതും ആ പോരാട്ടവീര്യം കണ്ടുകൊണ്ട്.അരവിന്ദ് കേജ്‌രിവാളിനെ 4,089 വോട്ടുകൾക്കാണ് പർവേഷ് വീഴ്ത്തിയത്. മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വെർമയുടെ മകനാണ് ഈ 47കാരൻ. അച്ഛന് ചെയ്തു തീർക്കാൻ കഴിയാത്ത പദ്ധതികൾ പൂർത്തിയാക്കുമെന്ന് പർവേഷ് ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഡൽഹി മുൻഡ്കയിലെ സ്വന്തം ഗ്രാമത്തിലെത്തിയ പർവേഷ്, പിതാവിന്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചന നടത്തി. 2013ൽ മൊഹ്റോളി നിയമസഭാ സീറ്റിൽ മത്സരിച്ച് എം.എൽ.എയായി. 2014ൽ വെസ്റ്റ് ഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 2019ൽ റെക്കാർഡ് ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ ലോക്സഭയിലേക്ക് മത്സരിച്ചില്ല. യമുനയുടെ വൃത്തിയാക്കൽ,വായു മലിനീകരണത്തിന് പരിഹാരമുണ്ടാക്കൽ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുമെന്ന് പർവേഷ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |