പെരിന്തൽമണ്ണ: പകുതിവില തട്ടിപ്പിൽ ഹൈക്കോടതി മുൻ ജഡ്ജി സി.എൻ. രാമചന്ദ്രനെ മൂന്നാം പ്രതിയാക്കി കേസെടുത്തത് സന്നദ്ധ സംഘടനയും പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ ഇംപ്ലിമെന്റിംഗ് ഏജൻസിയുമായ കെ.എസ്.എസിന്റെ ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ.
സംഘടനയുടെ പ്രസിഡന്റ് ഏറാംതോട് ലക്ഷ്മി നിലയം ഡാനി മോൻ, ജനറൽ സെക്രട്ടറി കാണിക്കാൻ സുനിൽ ജോസഫ് എന്നിവരാണ് പരാതിക്കാർ. കെ.എൻ.ആനന്ദകുമാർ, അനന്തുകൃഷ്ണൻ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകൾ പ്രകാരം സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചേർത്താണ് സി.എൻ. രാമചന്ദ്രനെ പ്രതി ചേർത്തത്.
ഗുണഭോക്താക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നതിനാലാണ് പറഞ്ഞ സമയത്ത് ഉപകരണങ്ങൾ നൽകാൻ കഴിയാതിരുന്നതെന്നും പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്നുമാണ് പദ്ധതി കോ ഓർഡിനേറ്റർ അനന്തുകൃഷ്ണൻ വിശ്വസിപ്പിച്ചത്. എന്നാൽ ഗുണഭോക്തൃ വിഹിതം അടച്ച ശേഷിച്ച ആർക്കും തന്നെ ഉപകരണങ്ങൾ ലഭ്യമായിട്ടില്ലെന്ന പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്.
110 തയ്യൽ മെഷീൻ, 11 ലാപ്‌ടോപ്, ഒമ്പത് വാട്ടർ പ്യൂരിഫയർ, 20 ഇരുചക്ര വാഹനങ്ങൾ, 1,300 ചാക്ക് ജൈവവളം എന്നിവ കെ.എസ്.എസ് വഴി പദ്ധതിയിലൂടെ വിതരണം ചെയ്തിട്ടുണ്ട്. 2024 നവംബർ 30 വരെയുള്ള അപേക്ഷകൾ പ്രകാരം 16 ഇരുചക്ര വാഹനങ്ങൾക്കും 45 ലാപ്‌ടോപ്പുകൾക്കും 34 ഗൃഹോപകരണങ്ങൾക്കും ഒരു വാട്ടർ പ്യൂരിഫയറിനും ഗുണഭോക്തൃ വിഹിതം അടച്ച അപേക്ഷകർക്ക് ഇനിയും കൊടുക്കാനുണ്ട്. ഇവയുടെയെല്ലാം പാതിവിലയായ 34.46 ലക്ഷം രൂപ കെ.എസ്.എസ് അടച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |