ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന്റെ 70 സ്ഥാനാർത്ഥികളിൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടമായെന്ന് റിപ്പോർട്ട്. മൂന്നാം തവണയും പൂജ്യം സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് തിരിച്ചടിയാണ് പുതിയ കണക്ക്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ആകെ 699 സ്ഥാനാർഥികളിൽ 555 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം, ബി.ജെ.പി,എ.എ.പി സ്ഥാനാർത്ഥികൾക്കാർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടില്ല.
അഭിഷേക് ദത്ത്, രോഹിത് ചൗധരി, ദേവേന്ദ്ര യാദവ് എന്നിവർ മാത്രമാണ് തുക തിരിച്ചുകിട്ടുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ. എ.എ.പി, ബി.ജെ.പിയും സഖ്യകക്ഷികളും, ജനതാദൾ (യുനൈറ്റഡ്), എൽ.ജെ.പി (രാം വിലാസ്) എന്നിവയുടെ എല്ലാ സ്ഥാനാർഥികൾക്കും രണ്ട് സീറ്റിൽ മാത്രം മത്സരിച്ച എ.ഐ.എം.ഐ.എമ്മിന്‍റെ ശിഫാവുറഹ്മാൻ ഖാനും തുക തിരിച്ചുകിട്ടും.
1951ലെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് പൊതുവിഭാഗത്തിൽനിന്ന് മത്സരിക്കുന്നയാൾ 10,000 രൂപയും പട്ടികജാതി-വർഗ വിഭാഗങ്ങളിൽ നിന്നുള്ളവർ 5,000 രൂപയും തിരഞ്ഞെടുപ്പ് കമ്മിഷനിൽ കെട്ടിവയ്ക്കണം. തിരഞ്ഞെടുക്കപ്പെടാതിരിക്കുകയും എല്ലാ സ്ഥാനാർത്ഥികൾക്കും ലഭിച്ച മൊത്തം സാധുതയുള്ള വോട്ടിന്റെ ആറിലൊന്നിൽ കൂടുതൽ നേടാതിരിക്കുകയും ചെയ്താൽ കെട്ടിവച്ച തുക നഷ്ടമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |