പറവൂർ: പാതി വിലയ്ക്ക് സ്കൂട്ടറും മറ്റും നൽകുന്ന അനന്തുകൃഷ്ണന്റെ പദ്ധതിയിൽ പറവൂരിലെ ജനസേവാ സമിതി ട്രസ്‌റ്റ് മുഖേന പണം നൽകിയവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഇന്നലെ രാവിലെ കച്ചേരി മൈതാനിയിൽ അഞ്ഞൂറിലധികം പേർ ഇതിനായി ഒത്തുചേർന്നു. സ്കൂട്ടറിന് പണമടച്ചിട്ടു ലഭിക്കാത്തവർ പറവൂരിൽ 2200 പേരുണ്ട്. മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ എന്നിവ ലഭിക്കാത്തവർ വേറെയും. 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് പറവൂരിൽ മാത്രം നടന്നതെന്നാണു പൊലീസിന്റെ വിലയിരുത്തൽ.
ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ആവശ്യപ്പെട്ട നിറത്തിലും ബ്രാൻഡിലുമുള്ളവ കിട്ടില്ലെന്നായിരുന്നു വൈകിയപ്പോഴുള്ള ന്യായങ്ങൾ. എതിർപ്പില്ലാത്തവർക്കും വാഹനം കിട്ടിയില്ല. മൂന്ന് മാസം മുതൽ ഒരു വർഷം വരെ കാത്തിരുന്നവരുണ്ട് കൂട്ടത്തിൽ. ചില വാട്‌സാപ് ഗ്രൂപ്പുകളിൽ ഭീഷണി സന്ദേശം വരുന്നതായും പറവൂരിൽ ഒത്തുകൂടിയവർ പറഞ്ഞു.
ജനസേവാ സമിതി ട്രസ്‌റ്റ് ഭാരവാഹികളുടെ വീടുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും ആദ്യഘട്ടത്തിൽ നിയമ നടപടികൾ സ്വീകരിച്ച ശേഷം അത്തരം സമരത്തിലേക്ക് കടക്കാനാണ് ആക്ഷൻ കൗൺസിൽ തീരുമാനിച്ചത്. പറവൂരിൽ ഇതുവരെ 755 പരാതികളാണ് പൊലീസ് സ്‌റ്റേഷനിൽ നേരിട്ടു ലഭിച്ചത്. ഓൺലൈനായി ലഭിച്ചവ വേറെയുമുണ്ട്. നാല് കേസുകളാണ് റജിസ്‌റ്റർ ചെയ്‌തത്.
പകുതി വില തട്ടിപ്പിന് ഇരയായവർക്ക് സൗജന്യ നിയമ സഹായം നൽകുമെന്ന് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പറവൂർ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. ഇതിനായി തിങ്കളാഴ്ച മുതൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |