ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ 'ഇന്ത്യാ' സഖ്യത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രതിപക്ഷ നേതാക്കൾ തന്നെ ചോദ്യമുയർത്തി. നേതാക്കൾ അഹങ്കാരം മാറ്രിവച്ചില്ലെങ്കിൽ മുന്നോട്ടുപോക്ക് ദുഷ്ക്കരമാകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് പരസ്യമായി പ്രതികരിച്ചു. ഒറ്റക്കെട്ടായാണ് ബി.ജെ.പിയോട് പോരാടേണ്ടത്. ഇല്ലെങ്കിൽ ഡൽഹിക്ക് സമാനമായ പരാജയങ്ങൾ ആവർത്തിക്കും.
കോൺഗ്രസും ആംആദ്മിയും സഖ്യമായി മത്സരിച്ചിരുന്നെങ്കിൽ ബി.ജെ.പിയുടെ വിജയം തടയാമായിരുന്നുവെന്ന് സഖ്യത്തിലെ പല മുതിർന്ന നേതാക്കളും പറയുന്നു. കോൺഗ്രസും ആംആദ്മിയും ഇന്ത്യാ സഖ്യമായി മത്സരിക്കാത്തതിലെ നിരാശ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കാശ്‌മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള മറച്ചുവച്ചില്ല. ഇനിയും തമ്മിലടിക്കൂ എന്ന് പരിഹസിച്ച് ഒമർ എക്‌സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്‌തത് ശ്രദ്ധേയമാണ്.
ഈ വർഷം അവസാനം ബീഹാറിലും അടുത്തകൊല്ലം പശ്ചിമബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഒരുമിച്ച് നീങ്ങിയില്ലെങ്കിൽ വോട്ടുകൾ വിഭജിക്കപ്പെടും. ബി.ജെ.പിക്ക് പ്രയോജനവുമാകുമെന്ന വികാരമാണ് 'ഇന്ത്യ' സഖ്യ നേതാക്കൾ പ്രകടിപ്പിക്കുന്നത്. ഇതിനിടെ,അനൈക്യം കാരണം പ്രതിപക്ഷ മുന്നണി അതിവേഗം ശിഥിലമാകുകയാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.
ഡൽഹിയിൽ ആംആദ്മിയും കോൺഗ്രസും ഒന്നിച്ച് ബി.ജെ.പിക്കെതിരെ പോരാടണമായിരുന്നു. പല മണ്ഡലങ്ങളിലും നേരിയ മാർജിനിലാണ് പരാജയം.
-അമിത് പലേക്കർ
ആംആദ്മി ഗോവ ഘടകം അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |