ന്യൂഡൽഹി: ഡൽഹിയിലെ തോൽവി വിശദമായി വിലയിരുത്താൻ ആംആദ്മി നേതൃത്വം. ഇന്നലെ രാജ്യസഭാ എം.പി സഞ്ജയ് സിംഗ്,മുതിർന്ന നേതാവ് ഗോപാൽ റായ്,പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പതക് എന്നിവർ ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. 5,ഫിറോസ് ഷാ റോഡിലെ വസതിയിലായിരുന്നു ചർച്ചകൾ. ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി 48 ഇടത്ത് വിജയിച്ചപ്പോൾ,22 സീറ്രുകളിൽ മാത്രമാണ് ആംആദ്മിക്ക് വിജയിക്കാനായത്. കേജ്‌രിവാൾ,മനീഷ് സിസോദിയ,സൗരഭ് ഭരദ്വാജ്,സത്യേന്ദർ ജെയ്ൻ എന്നിവരുടെ തോൽവി പാർട്ടിക്ക് കനത്ത തിരിച്ചടിയായി. കേജ്‌രിവാളിന്റെ ഏകാധിപത്യ മനോഭാവം പരാജയത്തിന് കാരണമെന്ന് പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് നേതാക്കൾ തയ്യാറായില്ല. പരാജയത്തിന്റെ തൊട്ടടുത്ത ദിവസമായ ഇന്നലെ ആം ആദ്മി ആസ്ഥാനത്ത് കാര്യമായ ആളും അനക്കവുമില്ലായിരുന്നു.
അതിഷി ഇടക്കാല
മുഖ്യമന്ത്രിയായി തുടരും
ആംആദ്മിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി അതിഷി ഇന്നലെ ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയെ സന്ദർശിച്ച് രാജിക്കത്ത് കൈമാറി. രാജ്നിവാസിലെത്തിയ അതിഷിയോട്, പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നത് വരെ ഇടക്കാല മുഖ്യമന്ത്രിയായി തുടരാൻ ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശം നൽകി.
പതനം തുടങ്ങി
ആംആദ്മിയുടെ അന്ത്യം തുടങ്ങിയെന്ന്,2011ലെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൽ അന്നാ ഹസാരെയ്‌ക്കും കേജ്‌രിവാളിനുമൊപ്പം മുൻനിരയിലുണ്ടായിരുന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആംആദ്മി സഹസ്ഥാപകനായിരുന്ന ഭൂഷൺ പിന്നീട് കേജ്‌രിവാളുമായി തെറ്രിപിരിഞ്ഞിരുന്നു. കേജ്‌രിവാളാണ് പാർട്ടിയുടെ തോൽവിക്ക് ഉത്തരവാദിയെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ബദൽ രാഷ്ട്രീയത്തിനായി രൂപീകരിച്ച പാർട്ടിയെ കേജ്‌രിവാളിന് ആധിപത്യമുള്ളതാക്കി മാറ്രി. സുതാര്യതയില്ല. അഴിമതി പാർട്ടിയാക്കിയെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |