ന്യൂഡൽഹി: 27 വർഷത്തിനു ശേഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചതിനു പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു മുന്നറിയിപ്പുമായി ബി.ജെ.പി. അടുത്ത വർഷം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽ നിന്ന് തൂത്തെറിയുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. സുവേന്ദു അധികാരിയ്ക്കു പിന്നാലെ ബി.ജെ.പി നേതാവ് സുകാന്ത മജുംദാറും ഇക്കാര്യം ഉന്നയിച്ചു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ആളുകളും ബി.ജെ.പിക്കും വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങൾ വോട്ട് ചെയ്തത് ബി.ജെ.പിക്കാണോ അതോ മമതാ ബാനർജി പിന്തുണയ്ക്കുന്ന എ.എ.പിക്കാണോ എന്ന് അറിയില്ല. എന്നാലും ഡൽഹിയിലെ പശ്ചിമ ബംഗാൾ സ്വദേശികൾക്ക് ഈ വിജയത്തിൽ നന്ദി പറയുന്നുവെന്നും സുകാന്ത അദ്ദേഹം പറഞ്ഞു.
ഡൽഹി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ ഇക്കുറി ആംആദ്മിക്കായിരുന്നു. എന്നാൽ ഇതു കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണു വിലയിരുത്തൽ. ഡൽഹിയിലെ ബംഗാളി ഭൂരിപക്ഷ മേഖലകളിൽ ബി.ജെ.പി മികച്ച വിജയം നേടിയെന്നും സുവേന്ദു അധികാരി പറഞ്ഞു. ഡൽഹിയെ ഇത്രയും കാലം ഭരിച്ചവർ തലസ്ഥാനത്തെ നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഡൽഹിയുടെ മഹത്വം തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളുവെന്നും ബംഗാൾ പ്രതിപക്ഷ നേതാവു കൂടിയായ സുവേന്ദു അധികാരി വ്യക്തമാക്കി. 2020ലാണു തൃണമൂൽ വിട്ട സുവേന്ദു അധികാരി ബി.ജെ.പിയിൽ ചേർന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയെ സുവേന്ദു പരാജയപ്പെടുത്തിയിരുന്നു. നന്ദിഗ്രാമിൽ നിന്നായിരുന്നു സുവേന്ദുവിന്റെ വിജയം.
27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ബി.ജെ.പിക്ക് അധികാരം ലഭിക്കുന്നത്. ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണത്തിലും വിജയിച്ചാണ് ബി.ജെ.പി. അധികാരം പിടിച്ചെടുത്തിരിക്കുന്നത്. 2020ലെ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടി അധികാരത്തിലെത്തിയ നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയെ 22 സീറ്റിലേക്ക് ചുരുക്കാനും ബി.ജെ.പിക്ക് സാധിച്ചു. കോൺഗ്രസിന് ഇത്തവണയും സീറ്റുകള്‍ ഒന്നും ലഭിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |