തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകൻ അപകടത്തിൽ മരിച്ചു. ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശാണ് (36) പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. പത്തനംതിട്ട കുമ്പഴയിൽ വച്ച് ഞായർ രാത്രി 9.15ഓടെയായിരുന്നു അപകടം ഉണ്ടായത്. ആദർശ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് എതിരെവന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിലിടിച്ച ശേഷം കാർ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയാണ് നിന്നത്.
അപകടത്തെ തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് ആദർശിനെ പുറത്തെത്തിച്ചത്. സംഭവ സ്ഥലത്തുവച്ചുതന്നെ ആദർശ് മരിച്ചു. തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറൽ മാനേജരാണ് ആദർശ്. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരായിരുന്നു. ലീനാകുമാരിയാണ് അമ്മ. മേഘ ഭാര്യ. ആര്യൻ മകൻ. ഡോ.ആശിഷ് സഹോദരനാണ്. സംസ്‌കാരം ഉച്ചയ്‌ക്ക് രണ്ടോടെ തൈക്കാട് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |