ന്യൂഡൽഹി: നിരവധി പേർ കൊല്ലപ്പെട്ട 21 മാസമായി തുടരുന്ന മണിപ്പൂർ കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട ബീരേൻ സിംഗ് കഴിഞ്ഞദിവസം മണിപ്പൂർ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു. രാജികത്ത് സമർപ്പിച്ച ബീരേൻ സിംഗിനോട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അജയ്‌കുമാർ ഭല്ല ആവശ്യപ്പെട്ടിരിക്കുകയാണ്. ജനജീവിതം താറുമാറായ മണിപ്പൂരിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തും എന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമം ബിജെപി നടത്തുകയാണ്.
സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ഇക്കാര്യം പാർട്ടി നേതൃത്വം ചർച്ച ചെയ്‌തു. മണിപ്പൂർ നിയമസഭാ സ്‌പീക്കറായിരുന്ന തോക്ക്‌ചോം സത്യബ്രത സിംഗ്, മന്ത്രിയായിരുന്ന യുമ്‌നോം ഖേംചന്ദ് എന്നിവരുടെ പേരുകൾ സജീവമായി പാർട്ടി പരിഗണിക്കുന്നുണ്ട്. എന്നാൽ ചർച്ചകൾക്ക് ശേഷമേ തീരുമാനത്തിൽ എത്തൂ എന്നാണ് വിവരം. നാലോ അഞ്ചോ മാസം രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം ചർച്ചകളിലൂടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുന്നത് ബിജെപിയെ ദുർബലമെന്ന് സൂചിപ്പിക്കാനേ ഉതകൂ എന്ന് ഒരു നിയമസഭാംഗം അഭിപ്രായപ്പെട്ടു. 60ൽ 37 അംഗങ്ങൾ ബിജെപിയ്‌ക്കുണ്ട്. ഒപ്പം സഖ്യകക്ഷികളായി 11 പേരും. സഭയിൽ ഭൂരിപക്ഷം വ്യക്തമായ സ്ഥിതിയ്‌ക്ക് പുതിയ മുഖ്യമന്ത്രി വരണമെന്നാണ് അഭിപ്രായം.
അറുപതിനായിരത്തോളം കുടുംബങ്ങൾ പലായനം ചെയ്യുകയും, പതിനയ്യായിരത്തോളം വീടുകൾ അഗ്നിക്ക്ഇരയാവുകയും, ചെയ്തിട്ടും വംശീയ കലാപം അടിച്ചമർത്തുന്നതിലും,സംസ്ഥാനത്ത് സമാധാന ജീവിതം വീണ്ടെടുക്കുന്നതിലും ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരും, കേന്ദ്ര സർക്കാരും പരാജയപ്പെട്ടത് രാജ്യമാകെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നൂറുകണക്കിന് ആരാധനാലയങ്ങളും സ്‌കൂളുകളും അക്രമികൾ തകർത്തു. യുവതികളെ നഗ്നരാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടലോടൊണ് രാജ്യം കണ്ടത്. കേന്ദ്രസർക്കാരും മണിപ്പൂർ സർക്കാരും കാഴ്ചക്കാരായി നിന്നപ്പോൾ, സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നു. കലാപം തുടങ്ങി 21 മാസത്തിനിടെ ഒരു തവണ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാതിരുന്നതും വൻ പ്രതിഷേധത്തിന് ഇടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |