അങ്കമാലി: താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ആദ്യദിനം രണ്ടു രോഗികൾക്ക് ഡയാലിസിസ് നടത്തി. ആറ് രോഗികൾക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാവുന്ന തരത്തിലുള്ള സംവിധാനമാണുള്ളത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ വരുമ്പോൾ മൂന്ന് ഷിഫ്റ്റുകളിലായി 18 രോഗികൾക്ക് വരെ ഒരു ദിവസം ഡയാലിസിസ് ചെയ്യുവാൻ സാധിക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ അറിയിച്ചു. സർക്കാരിന്റെയും റോട്ടറി ക്ലബിന്റെയും സഹായത്തോടെയാണ് ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. നഗരസഭാ ഉപാദ്ധ്യക്ഷ സിനി മനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെസ്മി ജിജോ, ജാൻസി അരീയ്ക്കൽ, ലക്‌സി ജോയ്, ജിത ഷിജോയ്, മുൻ ചെയർമാൻമാരായ റെജി മാത്യു, മാത്യു തോമസ്, ഡി.പി.സി അംഗം റീത്ത പോൾ, കൗൺസിലർമാരായ ലിസി പോളി ടീച്ചർ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സാജു നെടുങ്ങാടൻ, ലില്ലി ജോയ്, മനു നാരായണൻ, ടി.വൈ ഏലിയാസ്, പി.എൻ. ജോഷി, മാർട്ടിൻ ബി. മുണ്ടാടന്‍, സരിത അനിൽകുമാർ, ഗ്രേസി ദേവസി, ലേഖ മധു, രജനി ശിവദാസ്, എ.വി. രഘു, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, മെഡിക്കൽ സൂപ്രണ്ട് സുനിൽ ജെ.ഇളന്തട്ട് , ഡോ. തമിസ്, പി.ആർ.ഒ സണ്ണി, ഡയാലിസിസ് യൂണിറ്റ് സ്റ്റാഫ് അംഗങ്ങൾ, പി ശശി, കോൺട്രാക്ടർ പി.വി.ചെറിയാച്ചൻ എന്നിവർ സന്നീഹിതരായിരുന്നു. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തുറക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി സമരങ്ങൾ നടന്നിരുന്നു. കേരളകൗമുദിയും പലതവണയായി വാർത്തകൾ നൽകുകയും ചെയ്തിരുന്നു. നഗരസഭാ അധികൃതരുടെ കെടുകാര്യസ്ഥത കാരണം അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആറ് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച് 2024 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂണിറ്റാണ് ഇതുവരെ പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ ഉപയോഗ ശൂന്യമായി കിടന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |