ചേർത്തല: അർത്തുങ്കൽ അറവുകാടുള്ള ചള്ളിയിൽ കാസിൽസ് എന്ന ബാർ
അടിച്ചുതകർത്ത് മദ്യം കവർന്നു, പ്രധാന പ്രതി പിടിയിൽ. കടക്കരപ്പള്ളി വട്ടക്കര ഒറാഞ്ചിപറമ്പ് വിഷ്ണുഗോപിയെയാണ് (32) തൈക്കിലുള്ള കൂട്ടുകാരന്റെ വീടിന്റെ ടെറസിൽ നിന്ന് അർത്തുങ്കൽ പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 7.50 ഓടെയാണ് രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം അക്രമം നടത്തിയത്.
നടുറോഡിലടക്കം വടിവാളുകൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം, ബാറിലുള്ളവരെ വടിവാൾ പരാക്രമം നടത്തി തുരത്തിയ ശേഷമായിരുന്നു അക്രമം. ബാർകൗണ്ടറും മേശകളുമെല്ലാം വാളുകൊണ്ടും മറ്റ് ആയുധങ്ങൾ കൊണ്ടും തകർത്തു. ക്യാഷ് കൗണ്ടർ പൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല. കൗണ്ടറിലുണ്ടായിരുന്ന വിലകൂടിയ മദ്യവുമായിട്ടാണ് സംഘം മടങ്ങിയത്.
കടക്കരപ്പള്ളി വട്ടക്കര ഒറാഞ്ചിപറമ്പ് വിഷ്ണുഗോപിയെയാണ് (32) തൈക്കിലുള്ള കൂട്ടുകാരന്റെ വീടിന്റെ ടെറസിൽ നിന്ന് അർത്തുങ്കൽ പൊലീസ് പിടികൂടി.
പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വിഷ്ണുഗോപി കാപ്പ ചുമത്തി കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നതാണെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റു മൂന്നു പേരും പൊലീസിന്റെ വലയിലായതായും സൂചനയുണ്ട്.
അക്രമികളുടെ മർദ്ദനത്തിൽ മദ്യശാലയിലെ ശുചീകരണ തൊഴിലാളി ഒഡീഷ സ്വദേശി ഗൗഡ പർഷേത്തിന് (22)പരിക്കേറ്റിട്ടുണ്ട്. അക്രമികൾക്കിടയിൽ പെട്ട ജീവനക്കാരൻ ദിനേശനും(55)പരിക്കേറ്റു.
മാനേജിംഗ് പാർട്ട്ണർ ആര്യൻചള്ളിയിലിന്റെ പരാതിയെ തുടർന്ന് ചേർത്തല എ.എസ്.പി ഹരീഷ് ജയിന്റെയും അർത്തുങ്കൽ ഇൻസ്പക്ടർ പി.ജി.മധുവിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘമെത്തി തെളിവെടുത്തു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അക്രമിസംഘത്തിലെ ഒരാൾ പിടിയിലായത്. തിങ്കളാഴ്ച ശാസ്ത്രീയ പരിശോധനാ സംഘവും മദ്യശാലയിലെത്തി വിരലടയാളമടക്കമുള്ള തെളിവുകൾ ശേഖരിച്ചു. അക്രമത്തിന്റെയും മദ്യകവർച്ചയുടെയും സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
നിരവധി ക്രമിനൽകേസുകളിൽ പ്രതിയായവരാണ് അക്രമികളെന്നാണ് വിവരം. മദ്യശാലയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് അക്രമം നടത്തിയതെന്നും ഇതിനു പിന്നിലെ ലക്ഷ്യം കവർച്ചയാണെന്നും മാനേജിംഗ് പാർട്ട്ണർ ആര്യൻചളളിയിൽ പറഞ്ഞു. അഞ്ചുലക്ഷത്തിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |