മുഴുവൻ എം.എൽ.എമാരും ഡൽഹിക്ക്
കുക്കി അംഗങ്ങളെ അനുനയിപ്പിക്കാൻ ശ്രമം
ന്യൂഡൽഹി : മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിയെത്തുടർന്ന് മണിപ്പൂരിലുണ്ടായ ഭരണപ്രതിസന്ധി മറികടക്കാൻ ഊർജ്ജിത ശ്രമങ്ങളുമായി ബി.ജെ.പി ദേശീയ നേതൃത്വം. പുതിയ മന്ത്രിസഭാ രൂപീകരണത്തിന് നീക്കം തുടങ്ങി. ഇടഞ്ഞുനിൽക്കുന്ന 10 കുക്കി എം.എൽ.എമാരെ അനുനയിപ്പിച്ച് എത്രയും വേഗം പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് ശ്രമം. ബി.ജെ.പിയുടെ 37 എം.എൽ.എമാർക്കും ഡൽഹിയിലെത്താൻ നിർദ്ദേശം നൽകി. നാളെ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷ. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വടക്കു കിഴക്ക് സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര, സംസ്ഥാന അദ്ധ്യക്ഷ എ. ശാരദ ദേവി എന്നിവർ പങ്കെടുക്കും.
കലഹിച്ചു നിൽക്കുന്ന നിയമസഭാ സ്‌പീക്കർ തോക്ചോം സത്യബ്രത, മന്ത്രിമാരായ വൈ. ഖേംചന്ദ്, തൗനായോജാം ബസന്ത കുമാർ സിംഗ്, എം.എൽ.എ രാധേശ്യാം തുടങ്ങിയവരുമായി സംബിത് പത്ര ഇന്നലെ അനുരഞ്ജന ചർച്ച നടത്തി. ഇംഫാലിലെ ഹോട്ടൽ മുറിയിലായിരുന്നു കൂടിക്കാഴ്ച.
അതേസമയം, കുക്കി - മെയ്‌തി കലാപ സാദ്ധ്യതയുള്ള മേഖലകളിൽ സുരക്ഷാ സന്നാഹം വർദ്ധിപ്പിച്ചു. ബിരേൻ സിംഗിന് കലാപത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഓഡിയോ ടേപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറാൻ സുപ്രീംകോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. മാർച്ച് 24നകം സമർപ്പിക്കണം.
രാഷ്ട്രപതി ഭരണം
വേണ്ടെന്ന് നേതാക്കൾ
ഡൽഹി യോഗത്തിൽ സമവായമായില്ലെങ്കിൽ മാത്രമേ രാഷ്ട്രപതി ഭരണമെന്ന സാദ്ധ്യത പരിഗണിക്കൂ. രാഷ്ട്രപതി ഭരണം ഒഴിവാക്കണമെന്ന വികാരമാണ് മുതിർന്ന നേതാക്കൾക്ക്
ബിരേൻ സിംഗിന്റെ രാജി സ്വാഗതം ചെയ്‌ത മണിപ്പൂർ കോൺഗ്രസ് നേതൃത്വവും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു
കാവൽ മുഖ്യമന്ത്രിയായി തുടരുന്ന ബീരേൻ നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന് ഗവർണർ അജയ്‌കുമാർ ഭല്ല നിർദ്ദേശം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |