ബംഗളൂരു: പ്രതിരോധവ്യവസായ രംഗത്തെ ഇന്ത്യൻ സാങ്കേതികവിദ്യയും കുതിപ്പും വിളംബരം ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ, പ്രതിരോധ പ്രദർശനമായ എയ്‌റോ യെലഹങ്കയിലെ വ്യോമസേനാ താവളത്തിൽ ആരംഭിച്ചു. അഞ്ചുദിവസം നീളുന്ന പ്രദർശനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്‌തു.
എയ്‌റോ ഇന്ത്യയുടെ 15-ാം പതിപ്പിൽ അന്താരാഷ്‌ട്ര എയ്‌റോസ്‌പേസ് കമ്പനികൾ അത്യാധുനിക ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നു. യു.എസ്, റഷ്യൻ അഞ്ചാം തലമുറ പോർവിമാനങ്ങളുമുണ്ട്. ലോകത്തെ പ്രമുഖ പ്രതിരോധ ഉത്പന്ന കമ്പനികളുടെ വിദഗ്ദ്ധർ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ വ്യോമ വൈദഗ്ദ്ധ്യവും തദ്ദേശീയമായ കണ്ടുപിടിത്തങ്ങളും പ്രദർശിപ്പിക്കുന്നു. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ് എന്നിവയുടെ വിളംബരം കൂടിയാണ് പ്രദർശനം.
പ്രതിരോധമന്ത്രിമാരുടെ സമ്മേളനം, കമ്പനി സി.ഇ.ഒമാരുടെ സമ്മേളനം, പോർവിമാനങ്ങൾ അണിനിരക്കുന്ന എയർ ഷോ, സെമിനാറുകൾ, എയ്‌റോസ്‌പേസ് കമ്പനികളുടെ സ്റ്റാളുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. ലോകരാജ്യങ്ങളുടെ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, വ്യോമസേനാ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, പ്രതിരോധ വിദഗ്ദ്ധർ, സ്റ്റാർട്ടപ്പുകൾ, അക്കാഡമികസമൂഹം തുടങ്ങിയവരുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ട്. പ്രതിരോധ മേഖലയിലെ സഹകരണം, സാങ്കേതിവിദ്യകളുടെ പങ്കിടൽ തുടങ്ങിയവയുടെ ചർച്ചകൾക്കും എയ്റോ ഇന്ത്യ വേദിയാകും. 13, 14 തീയതികൾ പൊതുജനങ്ങൾക്ക് പ്രദർശനം കാണാൻ അവസരമുണ്ട്.
21,000 കോടിയുടെ
വില്പന ലക്ഷ്യം
1.27 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉത്പാദനവും 21,000 കോടി രൂപയുടെ പ്രതിരോധ ഉത്പന്ന വില്പനയുമാണ് എയ്‌റോ ഇന്ത്യയിലൂടെ ലക്ഷ്യമിടുന്നത്
ഇന്ത്യുടെ ആസ്ട്ര, ആകാശ് മിസൈലുകൾ, ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ, അൺമാൻഡ് സർഫസ് വെസൽ, പിനാക ഗൈഡഡ് റോക്കറ്റ് തുടങ്ങിയവയും പ്രദർശിപ്പിക്കുന്നുണ്ട്.
പ്രതിരോധരംഗത്തിന്റെ സമഗ്ര വളർച്ചയ്‌ക്ക് സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കും
- പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |