ന്യൂഡൽഹി : പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ പുണ്യസ്‌നാനം ചെയ്‌ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് സ്‌നാനം ചെയ്യാനുള്ള മഹാഭാഗ്യം ലഭിച്ചെന്ന് ദ്രൗപദി മുർമു ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
കുംഭമേള ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ അതിശയകരവും സജീവവുമായ പ്രതീകമാണ്. മനുഷ്യരാശിക്ക് ഐക്യത്തിന്റെയും ആത്മീയതയുടെയും സന്ദേശമാണ് നൽകുന്നത്. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും വരട്ടെയെന്ന് ഗംഗാ മാതാവിനോട് പ്രാർത്ഥിച്ചതായും രാഷ്ട്രപതി വ്യക്തമാക്കി.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. ബോട്ടിൽ ത്രിവേണി സംഗമത്തിലേക്ക് പോയി. വേദമന്ത്രങ്ങൾ മുഖരിതമായ അന്തരീക്ഷത്തിൽ, പുഷ്‌പങ്ങളും നാളികേരവും ത്രിവേണി സംഗമത്തിൽ അർപ്പിച്ച ശേഷം പുണ്യസ്‌നാനം ചെയ്‌തു. അതിനു ശേഷം പൂജകൾ നടത്തി. ആരതിയുഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |