വാഷിംഗ്ടൺ: സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫ്ലോറിഡയിൽനിന്ന് ന്യൂ ഓർലിയാൻസിലെ എൻ. എഫ്.എൽ സൂപ്പർ ബൗളിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്സ് വൺ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് തന്നെ പരസ്പര താരിഫ് പ്രഖ്യാപിക്കുമെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റ് രാജ്യങ്ങൾ ചുമത്തുന്ന താരിഫ് നിരക്കുകൾക്ക് തുല്യമായി യുഎസ് ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം ട്രംപ് ഭരണകാലത്ത് സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും തരിഫ് ട്രംപ് ഏർപ്പെടുത്തിയിരുന്നു. പിന്നീട് കാനഡ, മെക്സിക്കോ, ബ്രസീൽ എന്നിവയുൾപ്പെടെ നിരവധി വ്യാപാര പങ്കാളികൾക്ക് ഡ്യൂട്ടി-ഫ്രീ ക്വാട്ടകളും അനുവദിച്ചു. ശേഷം ജോ ബൈഡൻ ഈ ക്വാട്ടകൾ ബ്രിട്ടൻ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
നിലവിൽ കാനഡയാണ് യു.എസിലേക്ക് ഏറ്റവും കൂടുതൽ സ്റ്റീൽ അലുമിനിയം ഇറക്കുമതി നടത്തുന്നത്. അതിനാൽ തന്നെ ട്രംപിന്റെ പുതിയ നയം യു.എസ് കാനഡ ബന്ധത്തിന് കൂടുതൽ മോശമായി ബാധിക്കും. കാനഡയ്ക്കു പുറമെ ബ്രസീൽ, മെക്സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളും യുഎസിലേക്ക് സ്റ്റീൽ ഇറക്കുമതി ചെയ്യുന്നുണ്ട്.
''ഞങ്ങളുടെ ഉൽപന്നങ്ങൾക്ക് 130 ശതമാനം താരിഫ് ചുമത്താറുണ്ട്.എന്നാൽ തിരിച്ച് ഒരുപൈസ പോലും
യു.എസ് ഈടാക്കുന്നില്ല. ഇനി അങ്ങനെയാകില്ല.''
-ഡൊണാൾഡ് ട്രംപ്
യുഎസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |