വിഴിഞ്ഞം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസിന് പുതിയ ബോട്ടു ജെട്ടിയൊരുങ്ങുന്നു.ബെർത്ത് നിർമ്മാണത്തിനുള്ള പുതുക്കിയ പദ്ധതി രൂപരേഖയും എസ്‌റ്റിമേറ്റുമടങ്ങുന്ന റിപ്പോർട്ട് ഹാർബർ എൻജിനിയറിംഗ് വകുപ്പ് സമർപ്പിച്ചു. തീരദേശ പൊലീസ് ആസ്ഥാനത്തു നിന്ന് അന്തിമ അനുമതി ലഭിക്കുന്നതോടെ ടെൻഡർ ക്ഷണിക്കാനാകുമെന്ന് എച്ച്.ഇ.ഡി അധികൃതർ പറഞ്ഞു.
2021ലാണ് കോസ്റ്റൽ പൊലീസിന് ജെട്ടി നിർമ്മിക്കാൻ തീരുമാനിച്ചത്. തുടർനടപടികൾ നീണ്ടു പോവുകയായിരുന്നു. സ്വന്തമായി ബോട്ടുജെട്ടി ഇല്ലാത്തതിനാൽ കോസ്റ്റൽ പൊലീസിന്റെ നിരീക്ഷണ ബോട്ടുകൾ തിരയിൽപ്പെട്ട് കേടുപാടുകൾ സംഭവിക്കുന്നത് പതിവായിരുന്നു. ഇത് ഒഴിവാക്കാൻ ബോട്ടുകൾ കരയിൽ കയറ്റിവയ്ക്കുകയായിരുന്നു പതിവ്. അടിയന്തര സാഹചര്യങ്ങളിൽ ഇവ വെള്ളത്തിലിറക്കാൻ ഏറെ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്.
വർഷങ്ങൾക്ക് മുൻപും ജെട്ടി നിർമ്മാണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ ആധുനിക സജ്ജീകരണങ്ങളോടെ ബോട്ട് ജെട്ടി നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഹാർബർ എൻജിനിയറിംഗ് വകുപ്പ് തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.
എസ്റ്റിമേറ്റ് തുക - 60 ലക്ഷം രൂപ
ജെട്ടി നിർമ്മാണം
കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ താത്കാലിക പിക്കറ്റ് പോസ്റ്റ് നിർമ്മിച്ചിരിക്കുന്ന സ്ഥലത്താണ് തൂണുകൾ വേണ്ടാത്ത നൂതന രീതിയിലുള്ള പുതിയ ജെട്ടി നിർമ്മിക്കുന്നത്.
സൗകര്യങ്ങൾ ഇവയൊക്കെ
മത്സ്യത്തൊഴിലാളികൾക്കോ കടലിൽ യാത്രചെയ്യുന്ന മറ്റുള്ളവർക്കോ അപകടം പറ്റിയാൽ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് സൗകര്യം, മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറി തുടങ്ങിയവയും ബോട്ട് ജെട്ടിയോടൊപ്പം സജ്ജമാക്കും. ബോട്ടുകൾ കെട്ടിയിടുന്നതിന് ഫെൻഡേഴ്സ്, നിരീക്ഷണത്തിനായും മത്സ്യത്തൊഴിലാളികളുടെ സഹായത്തിനുമായി പൊലീസ് എയ്ഡ് പോസ്റ്റ് സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്.
ബോട്ടുമില്ല
ജെട്ടി നിർമ്മാണത്തിന് പ്രൊപ്പോസലായെങ്കിലും നിലവിൽ ഇവിടെ ആവശ്യത്തിന് ബോട്ടില്ലാത്ത അവസ്ഥയാണ്. മുൻപ് ഇവിടെ 3 ബോട്ടുകളുണ്ടായിരുന്നെങ്കിലും ഒന്ന് പൂവാറിലേക്കും മറ്റൊന്ന് അഞ്ചുതെങ്ങ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. നിലവിൽ വിഴിഞ്ഞത്ത് എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന് ആകെയുള്ളത് ഒരു ബോട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |