ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെ എഫ്. എ കപ്പ് നാലാം റൗണ്ടിൽ അട്ടിമറിച്ച് രണ്ടാം ഡിവിഷൻ ക്ലബായ പ്ലൈമൗത്ത് ആർഗൈൽ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് പ്ലൈമൗത്തിൻ്റെ ജയം. 53-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ഹാർഡിയാണ് പ്ലൈ മൗത്തിന്റെ വിജയ ഗോൾ നേടിയത്. പ്ലൈമൗത്തിനെ വിലകുറച്ചു കണ്ട് രണ്ടാം നിര ടീമിനെ ഇറക്കിയ ലിവർ കോച്ച് ആർനെ സ്ലോട്ടിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ലീഗ് കപ്പിൽ രണ്ടാം പാദ സെമിയിൽ ടോട്ടൻഹാം ഹോട്ട്‌സ്‌പറിനെ കീഴടക്കി ഫൈനലിൽ എത്തിയ ടീമിൽ പത്ത് മാറ്റങ്ങളുമായാണ് സ്ലോട്ട് പ്ലൈമൗത്തിനെതിരെ ടീമിനെ ഇറക്കിയത്.
മറ്റൊരു മത്സരത്തിൽ ആസ്റ്റൺ വില്ല 2-1ന് ടോട്ടൻഹാമിനെ കീഴടക്കി. ജേക്കബ് റാംസെയും മോർഗൻ റോജേഴ്‌സുമാണ് ആസ്റ്റൺ വില്ലയ്‌ക്കായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് മത്തിസ് ടെൽ ടോട്ടനത്തിനായി !ഒരു ഗോൾ മടക്കി. കഴിഞ്ഞയാഴ്ച ലീഗ് കപ്പിൽ നിന്നും ടോട്ടൻഹാം പുറത്തായിരുന്നു.
ബ്രാവോ ബാഴ്‌സ
സെവിയ്യ: സ്‌പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണ കിരീട പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. സെവിയ്യയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി, ഫെർമിൻ ലോപസ്,റഫീഞ്ഞ, എറിക് ഗാർസിയ എന്നിവരാണ് ബാഴ്‌സയ്‌ക്കായി സ്കോർ ചെയ്‌തത്. റൂബൻ വർഗാസാണ് സെവിയ്യയുടെ ആശ്വാസഗോൾ നേടിയത്. 62-ാം മിനിട്ടിൽ ഫെർമിൻ ലോപസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരമായാണ് ബാഴ്‌സ മത്സരം പൂർത്തിയാക്കിയത്. 3-ാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 23 മത്സരങ്ങളിൽ നിന്ന് 48 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയ്‌ക്ക് 49 പോയിന്റാണുള്ളത്. ഒന്നാമതുള്ള റയലിന് 50 പോയിന്റും.
ഐ.എസ്.എല്ലിൽ സമനില
ഭുവനേശ്വർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷയും പഞ്ചാബ് എഫ്.സിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ഒഡിഷയ്ക്കായി ഇസാക്കും പഞ്ചാബിനായി പെട്രോസും സ്കോർ ചെയ്തു. ലയാളി താരം രാഹുൽ കെ.പി ചുവപ്പ് കാർഡ് കണ്ട് 44-ാം മിനിട്ടിൽ പുറത്തായതിനാൽ പത്തുപേരുമായാണ് ഒഡിഷ മത്സരം പൂർത്തിയാക്കിയത്. പോയിന്റ് ടേബിളിൽ ഒഡിഷ ഏഴാമതും പഞ്ചാബ് ഒമ്പതാമതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |