പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അയൽവാസിയായ പതിനാറുകാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പൊലീസിന്റെ പിടിയിലായത്.
വായ പൊത്തിപ്പിടിച്ച് പതിനാറുകാരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബഹളം വച്ച കുട്ടിയുടെ കൂട്ടുകാരെ സുധീഷ് പിടിച്ചുവച്ചു. ശേഷം പെൺകുട്ടിയെ കാടുപിടിച്ചുകിടക്കുന്ന വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. യുവാക്കൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കായിക താരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം അടുത്തിടെ പുറത്തുവന്നിരുന്നു. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് പുതിയ സംഭവം.
കായിക താരമായ പെൺകുട്ടിയ്ക്ക് 13 വയസുള്ളപ്പോൾ ഒന്നാം പ്രതിയും കാമുകനുമായ സുബിൻ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് വശത്താക്കി നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. തുടർന്ന് ബൈക്കിൽ കയറ്റി റബർ തോട്ടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി.മറ്റൊരു ദിവസം പുലർച്ചെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയി ഷെഡിൽ വച്ചും പീഡിപ്പിച്ചു.തന്റെ ആവശ്യം കഴിഞ്ഞശേഷം സുബിൻ കൂട്ടുകാർക്ക് കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. നഗ്നദൃശ്യങ്ങൾ പകർത്തി അവരും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ ഉപയോഗിച്ചു.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘവും പീഡിപ്പിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡിൽ നിന്നാണ് പെൺകുട്ടിയെ പലരും കൂട്ടിക്കൊണ്ടുപോയിരുന്നത്. വൈകിട്ട് വീടിനു സമീപം കൊണ്ടുവിടും. സ്വകാര്യ ബസുകളിൽ വച്ചുപോലും പെൺകുട്ടി ഉപദ്രവത്തിനിരയായിരുന്നു. അഞ്ചുവർഷമാണ് ഇത്തരത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പഠിക്കുന്ന സ്ഥാപനത്തിൽ നടത്തിയ കൗൺസിലിംഗിലാണ് പീഡനവിവരം വെളിപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |