ചരിത്രവും ഐതിഹ്യവും ഇഴചേർന്നുറങ്ങുന്നയിടമാണ് പ്രയാഗ്‌രാജ്. മഹാകുംഭമേള പ്രയാഗ്‌രാജിനെ ലോകശ്രദ്ധയിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ്. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26ന് ആണ് സമാപിക്കുന്നത്. 45 ദിവസം നീളുന്ന ഈ മഹാത്ഭുതത്തിൽ കോടിക്കണക്കിന് ഭക്തരാണ് പങ്കെടുത്തതും പങ്കെടുത്തുകൊണ്ടിരിക്കുന്നതും.
വിശ്വാസത്തിന്റെയും ഭക്തിയുടെയും മറുപുറമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ‌്ക്ക് മഹാകുംഭമേള പകരുന്ന കരുത്ത് വളരെ വലുതാണ്. രണ്ടു മുതൽ മൂന്ന് ലക്ഷം കോടിയുടെ വരുമാനമാണ് ആറാഴ്‌ചകളിൽ അധികം നീണ്ടു നിൽക്കുന്ന മഹാകുംഭമേള രാജ്യത്തിന് നൽകുന്നത്. സാമ്പത്തിക സുനാമി എന്നാണ് ഈ രംഗത്തെ വിദഗ്‌ദ്ധർ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ജിഡിപിയുടെ വളർച്ചയിൽ 1.5% വർദ്ധനവ് കുംഭമേളയുടെ സംഭാവനയാണ്. ഒപ്പം ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ മിന്നൽ വളർച്ചയും സാദ്ധ്യമാക്കും.
ആൾ ഇന്ത്യ ട്രേഡേഴ്‌സ് കോൺഫഡറേഷൻ കണക്ക് കൂട്ടുന്നതനുസരിച്ച് 25000 കോടി രൂപയുടെ കച്ചവട വ്യവഹാരം കുംഭമേളയുടെ പരിസരത്ത് നിന്ന് മാത്രം നടക്കുന്നുണ്ട്. വിവിധ പൂജാ സാമഗ്രികളുടെ വ്യാപാരം 5000 കോടി പ്രതീക്ഷിക്കുന്നുണ്ട്. പാലുത്പ്പന്നങ്ങൾ 4000 കോടിയും, പൂജാ പുഷ്‌പങ്ങൾ വിൽക്കുന്നതിലൂടെ 800 കോടിയുടെയും കച്ചവടം കോൺഫഡറേഷൻ കണക്കുകൂട്ടുന്നു.
ഹോസ്‌പിറ്റാലിറ്റി മേഖലയിലെ കണക്കുകൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. 6000 കോടിയുടെ ബിസിനസാണ് കുംഭമേളയ‌്ക്ക് ആതിഥ്യമരുളുന്നതിലൂടെ ഹോസ്‌പിറ്റാലിറ്റി മേഖലയിൽ നടക്കുന്നു. 4000 ഹെക്‌ടറിലാണ് താൽക്കാലിക ടൗൺഷിപ്പ് പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടെയെല്ലാം വൈദ്യുതി, ജലവിതരണം, ശുചിത്വം, നിയമപരിപാലനം എന്നിവ ഉറപ്പാക്കിയിരിക്കുന്നു.
അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി 7000 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. എഐ സാങ്കേതിക വിദ്യയിൽ അടിസ്ഥാനപ്പെടുത്തിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടത്തിന്റെ ചെറു അനക്കങ്ങൾ പോലും വ്യക്തതയോടെ പകർത്താൻ കഴിയുന്ന 2700 സിസിടിവി ക്യാമറകളാണ് മേളയിലൊട്ടാകെ വിന്യസിച്ചിട്ടുള്ളത്. കൂടാതെ, 40000 പൊലീസുകാരെയും സുരക്ഷയുടെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ അതിന്റെ നാലിരട്ടി കുടുംബങ്ങളിലേക്കാണ് മഹാകുംഭമേള ഐശ്വര്യം പകരുന്നത്. ചരിത്രത്തെയും വിശ്വാസത്തെയും സാമ്പത്തിക ഉന്നമനത്തെയും ഒരുപോലെ ബന്ധിപ്പിക്കുന്ന ഈ മഹാത്ഭുതം കാലാതിവർത്തിയായി നിലകൊള്ളുന്നതിന് കാരണവും മറ്റൊന്നല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |