ഓഹരി വിപണി തകർന്നടിഞ്ഞു
കൊച്ചി: ആഗോള വ്യാപാര യുദ്ധവും ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിയും ഓഹരി നിക്ഷേപകരെ കണ്ണീർകടലിലാക്കി. ഇന്ത്യയിലെ മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് 1018.2 പോയിന്റ് നഷ്‌ടവുമായി 76,293.60ൽ അവസാനിച്ചു. നിഫ്‌റ്റി 309.8 പോയിന്റ് ഇടിഞ്ഞ് 23,071.8ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയും മൂക്കുകുത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് മുഖ്യ ഓഹരി സൂചികകൾ നഷ്‌ടം നേരിടുന്നത്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഐഷർ മോട്ടോർസ്, അപ്പോളോ ഹോസ്‌പിറ്റൽസ്, ശ്രീറാം ഫിനാൻസ് എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. വാഹന, ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികളെല്ലാം കനത്ത ഇടവ് നേരിട്ടു.
കേരളം ആസ്ഥാനമായ പ്രമുഖ കമ്പനികളായ മുത്തൂറ്റ് ഫിനാൻസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കല്യാൺ ജുവലേഴ്‌സ്, മണപ്പുറം ഫിനാൻസ്, എഫ്.എ.സി.ടി എന്നിവയുടെ ഓഹരി വിലകളും അടിതെറ്റി.
1. സ്‌റ്റീലിനും അലുമുനിയത്തിനും ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തിയ ട്രംപിന്റെ നടപടി ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭീതിയേറുന്നു
2. അമേരിക്കയിലെ മാറുന്ന ധന സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് പണം നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു
3. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ വിറ്റുവരവിലും ലാഭത്തിലും പ്രതീക്ഷിച്ച വളർച്ച നേടാത്തതിനാൽ നിക്ഷേപകർ നിരാശയിലാണ്
4. ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന ഓഹരി സൂചികൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടതോടെ ഇന്ത്യയിലെ ആഭ്യന്തര ഫണ്ടുകളും വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നു
നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ നഷ്‌ടം
9 ലക്ഷം കോടി രൂപ
വിദേശ നിക്ഷേപകർ ഈ വർഷം പിൻവലിച്ചത്
ഒരു ലക്ഷം കോടി രൂപ
ട്രംപിന്റെ വ്യാപാര യുദ്ധത്തിൽ ഭീതിയേറുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |