തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ കരുക്കൾ നീക്കി കോൺഗ്രസ് നേതൃത്വം. തലസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഉൾപ്പടെ മത്സരരംഗത്തിറക്കി ഭരണം പിടിക്കാനാണ് കോൺഗ്രസ് ക്യാമ്പിന്റെ നീക്കം. എഐസിസി സെക്രട്ടറി പി.സി വിഷ്‌ണുനാഥിനാണ് തിരഞ്ഞെടുപ്പിന്റെ ചുമതല.
നൂറംഗ കൗൺസിലിൽ പത്തംഗംങ്ങൾ മാത്രമുള്ള ദയനീയ സാഹചര്യത്തിലാണ് നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ്. അമ്പതിലേറെ സീറ്റ് പിടിക്കാനാണ് വിഷ്‌ണുനാഥിന്റെ നേതൃത്വത്തിൽ പദ്ധതികൾ തയ്യാറാക്കുന്നത്. നിലവിൽ ഭരണം കൈയാളുന്ന എൽഡിഎഫിന് 51 അംഗങ്ങളും മുഖ്യ പ്രതിപക്ഷമായ ബിജെപിക്ക് 34 അംഗങ്ങളുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്.
നഗരപരിധിയിൽ ബിജെപിക്കാണ് സ്വാധീനം. ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ഇത് പ്രകടമാവുകയും ചെയ‌്തു. ഈ സാഹചര്യത്തിലാണ് മുൻ മന്ത്രിമാരെയും എംപിമാരെയും അടക്കം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലേക്ക് സജ്ജമാക്കുന്നത്. മേയർ സ്ഥാനത്തേക്ക് ആരെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ല. കെ.എസ് ശബരിനാഥൻ, വി.എസ് ശിവകുമാർ, എം.എ വാഹിദ് തുടങ്ങിയവർ മത്സരിച്ചേക്കും.
കോർപറേഷനിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ എന്തൊക്കെ പദ്ധതികൾ നടപ്പാക്കുമെന്നു പ്രഖ്യാപിക്കുന്ന പ്രകടന പത്രിക തയാറാക്കുന്നത് എം. വിൻസന്റ് എംഎൽഎ ചെയർമാനും ശബരീനാഥൻ കൺവീനറുമായ സമിതിയാണ്. ഇതിന്റെ മേൽനോട്ടം ശശി തരൂർ എംപിക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |