തിരുവനന്തപുരം: പിസി ചാക്കോ എൻസിപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കെെമാറിയെന്നാണ് വിവരം. ഇന്നലെ വെെകിട്ടാണ് രാജിക്കത്ത് കെെമാറിത്. പാർട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജി. ദേശീയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് വിവരം. മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തർക്കമാണ് പാർട്ടിയിൽ വിള്ളലുകളുണ്ടാക്കിയത്. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ നിന്ന് ശശീന്ദ്രൻ പക്ഷം വിട്ടുനിന്നിരുന്നു. ചാക്കോയുടെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ശശീന്ദ്രൻ പക്ഷം അറിയിച്ചു.
എൻസിപി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് പിസി ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിക്കുന്നവർ നേരത്തെ ഒപ്പുംശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെടുന്നു. മന്ത്രിയെയും എംഎൽഎയെയും അനുകൂലിക്കുന്ന വിശ്വസ്തരായ നേതാക്കൾക്ക് ജില്ലകളുടെ ചുമതല നൽകിയാണ് ഒപ്പുശേഖരണം നടത്തിയത്. ഒപ്പുശേഖരണത്തിന് ശേഷം ദേശീയ സെക്രട്ടറി സതീഷ് തോന്നയ്‌ക്കൽ മുഖേന പരാതി അടുത്തയാഴ്ച ദേശീയ പ്രസിഡന്റ് ശരദ് പവാർ, വർക്കിംഗ് പ്രസിഡന്റ് സുപ്രിയാ സുളെ എന്നിവർക്ക് കെെമാറാനായിരുന്നു തീരുമാനം. ഇതിനിടെയാണ് ഇപ്പോൾ ചാക്കോ രാജിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |