പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കമുള്ള നേതാക്കൾ പാർട്ടിയിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിയെ പത്തനംതിട്ടയിൽ നിന്ന് നാടുകടത്തി. ഡി വൈ എഫ് ഐ മലയാലപ്പുഴ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ശരൺ ചന്ദ്രനെയാണ് ഒരു വർഷത്തേക്ക് നാടുകടത്തിയത്.
ഈ മാസം ഏഴാം തീയതി മുതൽ ഒരു വർഷത്തേക്ക് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവാണ് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയത്. ബിജെപിക്കാരനായിരുന്ന ശരൺ കഴിഞ്ഞ ജൂലായിലാണ് സി പി എമ്മിൽ ചേർന്നത്. അന്ന് കുമ്പഴയിൽ നടന്ന പരിപാടിയിൽ വീണാ ജോർജ് മാലയിട്ടാണ് ശരണിനെ സ്വീകരിച്ചത്.
അന്നത്തെ ജില്ലാ സെക്രട്ടറി ഉദയഭാനു അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരൺ ജയിലിൽ നിന്നിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് സി പി എമ്മിൽ അംഗത്വമെടുത്തത്. ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിലും സ്വയം തിരുത്തി പാർട്ടിയിലേക്ക് വരുന്നതിൽ തെറ്റില്ലെന്നാണ് സി പി എമ്മിന്റെ നിലപാട്. അറുപതുപേരാണ് അന്ന് ബി ജെ പിയിൽ നിന്ന് സി പി എമ്മിലെത്തിയത്.
സി പി എമ്മിൽ ചേർന്ന ശേഷം മലയാലപ്പുഴ പൊലീസ് സ്റ്റേഷനടുത്തുവച്ച് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചിരുന്നു. ആഘോഷത്തിൽ പിടികിട്ടാപ്പുള്ളിയും പങ്കെടുത്തിരുന്നു. സമീപകാലത്തുണ്ടായ ഒരു കേസിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |