ശരീരത്തില്‍ വയറിന്റെ ഭാഗത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പല പുരുഷന്മാരും സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ പ്രസവത്തിനുശേഷം വയര്‍ തൂങ്ങി പോകാറുണ്ട്. വയര്‍ കുറയ്ക്കാനായി പല വഴികളുണ്ട്. അതിനായി ശസ്ത്രക്രിയ എങ്ങനെയാണ് സഹായിക്കുക എന്ന് നമുക്ക് നോക്കാം.
അബ്‌ഡോമിനോപ്ലാസ്റ്റി അഥവാ ടമ്മി ടക്ക് സര്‍ജറി
അടിവയറിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാനും തൂങ്ങിക്കിടക്കുന്ന ത്വക്ക് നീക്കം ചെയ്യാനും വയറിലെ പേശികളിലെ വിടവ് തുന്നി പേശിയെ ബലപ്പെടുത്താനും അതുവഴി വയറിന്റെ ആകൃതി മെച്ചപ്പെടുത്താനും സഹായിക്കുന്ന ശസ്ത്രക്രിയയാണ് ടമ്മി ടക്ക് അഥവാ അബ്‌ഡോമിനോപ്ലാസ്റ്റി.
ആര്‍ക്കാണ് ടമ്മി ടക്ക് ഉപകാരപ്പെടുന്നത്?
സാധാരണയായി ഗര്‍ഭം ധരിച്ച ശേഷം വയറിന്റെ ആകൃതി മാറിയ സ്ത്രീകള്‍ക്കും അമിതവണ്ണം കുറയ്ക്കുമ്പോള്‍ വയര്‍ തൂങ്ങിപ്പോയവര്‍ക്കും പ്രസവാനന്തരം വയറിലെ പേശി അകന്ന് ഡൈവാരിക്കേഷന്‍ റക്‌റ്റൈ എന്ന അസുഖമുള്ളവര്‍ക്കും കൃത്യമായ വ്യായാമം, ഡയറ്റ് എന്നിവ കൊണ്ടും കുറയാത്ത 'stubborn abdominal fat deposit' ഉള്ളവര്‍ക്കും ഈ ശസ്ത്രക്രിയ പ്രയോജനകരമാണ്.
ഇത് ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ മാത്രമാണോ?
അല്ല, വയറില്‍ അമിത കൊഴുപ്പ് തൂങ്ങിക്കിടക്കുന്നത് കാരണം വ്യായാമം ചെയ്യാനാകാതെ വരിക, ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനാകാതെ വരിക, തൊലിയിടുക്കുകള്‍ സ്വയം വൃത്തിയാക്കാനാകാതെ വരിക, അതേത്തുടര്‍ന്ന് ഫംഗല്‍ അണുബാധ, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വരിക, എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കും ടമ്മി ടക്ക് ഒരു പരിഹാരമാണ്. Divarication Recti എന്ന രോഗത്തിന്റെ ചികിത്സയും ടമ്മി ടക്ക് ആണ്.
ടമ്മി ടക്ക് നിങ്ങള്‍ക്കോ?
ടമ്മി ടക്ക് ശസ്ത്രക്രിയയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യമായി ഒരു യോഗ്യനായ പ്ലാസ്റ്റിക് സര്‍ജനെ കണ്ട് വിശദമായി കണ്‍സള്‍ട്ടേഷന്‍ നടത്തുക. ആരോഗ്യസ്ഥിതിയും ജീവിതശൈലിയും കണക്കിലെടുത്ത് ഡോക്ടര്‍ ശസ്ത്രക്രിയ അനുയോജ്യമാണോ എന്ന് നിര്‍ണ്ണയിക്കും.
സര്‍ജറിക്ക് മുമ്പുള്ള തയ്യാറെടുപ്പുകള്‍ എന്തെല്ലാം?
രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതി പരിശോധിച്ച് ശാസ്ത്രക്രിയയ്ക്ക് അനുയോജ്യമാണ് എന്ന് ഉറപ്പു വരുത്തുക. ചില മരുന്നുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടതായി വരാം. ശ്വാസകോശ വികസനം നല്ല രീതിയില്‍ ഉണ്ടാകുവാന്‍ incentive spirometry ഉപയോഗിക്കുക. തൂങ്ങിക്കിടക്കുന്ന വയറിന് പിന്താങ്ങലായി ബൈന്റര്‍ ഉപയോഗിക്കുക. ശരീരം അനുവദിക്കുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുക.
ശസ്ത്രക്രിയാ രീതി എങ്ങനെ?
അനസ്‌തേഷ്യ നല്‍കി രോഗിയെ മയക്കുക. വയറിലെ അനാവശ്യ കൊഴുപ്പ് Liposuction വഴി നീക്കം ചെയ്യുക. വയറിലെ തൊലി പാളി പോലെ ഉയര്‍ത്തി, പേശി വെളിപ്പെടുത്തി, പേശിയിലെ വിടവ് കൃത്യമായ രീതിയില്‍ ബന്ധിപ്പിക്കുക. അധികമായ ത്വക്കും കൊഴുപ്പും മുറിച്ചു മാറ്റുക. മുറിവ് തുന്നിയടച്ച് വയറിന്റെ ആകൃതി മെച്ചപ്പെടുത്തുക.
ടമ്മി ടക്കിന്റെ മുറിപ്പാട് എങ്ങനെ?
അടിവയറില്‍, അടിവസ്ത്രത്തിന്റെ ഉള്ളില്‍ പോകുന്ന രീതിയില്‍ നീളമുള്ള ഒരു മുറിവാകും ടമ്മി ടക്കിലൂടെ ഉണ്ടാവുക. സിസേറിയന്‍ കൊണ്ടുള്ള മുറിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനു പകരമായി ഏകദേശം ആ സ്ഥലത്തു തന്നെ ടമ്മി ടക്കിന്റെ മുറിപ്പാട് ഉണ്ടാകുന്നതാണ്. സിസേറിയന്‍ മൂലമുള്ള മുറിവിനെക്കാള്‍ നീളത്തിലായിരിക്കും ഇത്.
ശസ്ത്രക്രിയയ്ക്കു ശേഷം എന്തെല്ലാം ശ്രദ്ധിക്കണം?
രണ്ടാഴ്ച വരെ വിശ്രമം ആവശ്യമാണ്. ഈ കാലയളവില്‍ സ്വന്തം കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കും. ഡെസ്‌ക് ജോലികളും ചെയ്യാം. എന്നാല്‍ ഭാരിച്ച ജോലി ഒഴിവാക്കുക. മുറിവുണങ്ങുന്നത് വരെ ലേപനങ്ങള്‍ നിര്‍ദ്ദേശ പ്രകാരം പുരട്ടുക. ബൈന്റര്‍ അഥവാ കംപ്രഷന്‍ ഗാര്‍മെന്റ് ഉപയോഗിക്കുക. ഒരു മാസത്തിനുശേഷം ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ തുടങ്ങാം. മുറിപ്പാട് കട്ടിയാകാതിരിക്കാനായി പ്ലാസ്റ്റിക് സര്‍ജന്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ലേപനങ്ങള്‍ പുരട്ടുകയും മുറിപ്പാട് തിരുമുകയും ചെയ്യേണ്ടതാണ്.
ടമ്മി ടക്കിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാം?
വയറിന്റെ ആകൃതി മെച്ചപ്പെടുത്തുന്നു. തൂങ്ങിപ്പോയ വയര്‍ പഴയ പോലെ ആകുന്നു. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. വ്യക്തി ശുചിത്വം പാലിക്കാന്‍ സാധിക്കുന്നു. ചിട്ടയായ വ്യായാമവും ഡയറ്റും ചെയ്തിട്ടും വയര്‍ കുറയാതെ വസ്ത്രങ്ങള്‍ ശരീരത്തിന് ഇണങ്ങാത്തതില്‍ വിഷമമുള്ള, ബോഡി ഷേമിംഗ് നേരിടേണ്ടി വരുന്ന, പ്രസവ ശേഷം നഷ്ടമായ ശരീര സൗന്ദര്യം വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന ഒന്നാണ് അബ്ഡോമിനോപ്ലാസ്റ്റി അഥവാ ടമ്മി ടക്ക്. കൃത്യമായ ശാസ്ത്രക്രിയയും ശേഷമുള്ള ശരിയായ പരിപാലനവും ഉണ്ടായാല്‍ നിങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് ഇത് മികച്ചൊരു മാര്‍ഗമായേക്കാം.
Dr. Lisha N. P.
Plastic and Reconstructive Surgeon
SUT Hospital, Pattom
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |