കോട്ടയം : വിലയും ഇല്ല, ഉഷ്ണതരംഗമായതോടെ ടാപ്പിംഗും നിലച്ചു. റബർ കർഷകരുടെ കാര്യം കഷ്ടത്തിലായി.
സാധാരണ മാർച്ചോടെയാണ് റബർ വെട്ടുന്നത് അവസാനിപ്പിക്കാറുള്ളത്. എന്നാൽ മഞ്ഞ് കുറഞ്ഞ്, ചൂട് കടുത്തതോടെ ടാപ്പിംഗ് ഫെബ്രുവരിക്ക് മുൻപേ നിറുത്തേണ്ടിവന്നു. ആകെ പ്രതീക്ഷ കേന്ദ്ര -സംസ്ഥാന ബഡ്ജറ്റിലായിരുന്നു. അതിലും റബറിന് തഴഞ്ഞതോടെ കർഷകർ നിരാശയിലാണ്. 180 രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സിഡി സ്കീം നിരക്ക്. ഇത് 200 ആയി ഉയർത്തുമെന്നായിരുന്നു കരുതിയത്. താങ്ങുവിലയും ഉയർത്തിയില്ല. വില സ്ഥിരതാ ഫണ്ട് പിൻവലിച്ചതാണ് സംസ്ഥാന ബഡ്ജറ്റിലെ ചതി. ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ 200 രൂപ ചെലവ് വരും. സർക്കാർ പ്രഖ്യാപിച്ച താങ്ങുവില വിപണി വിലയിലും ഉയർന്നെങ്കിലേ സബ്സിഡി സ്കീം പ്രയോജനപ്പെടൂ. നിലവിൽ വ്യാപാരി വിലയിലും രണ്ടു രൂപയും റബർ ബോർഡ് വിലയിൽ പത്തു രൂപയും കുറവാണ് താങ്ങുവില. കഴിഞ്ഞ ബഡ്ജറ്റിൽ റബർ വില സ്ഥിരതാ ഫണ്ടിലേക്ക് 600 കോടി വകയിരുത്തിയിട്ടും 60 കോടി മാത്രമാണ് വിനിയോഗിച്ചത്.
മലയോരത്ത് ആകെ നിരാശ
മലയോര മേഖലയിലെ 75 ശതമാനം കുടുംബങ്ങളും റബറിനെ ആശ്രയിച്ച് ഉപജീവനം നയിക്കുന്നവരാണ്. വേനൽക്കാലങ്ങളിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി സ്ഥിതി രൂക്ഷമാണ്. വൻകിട എസ്റ്റേറ്റുകളിൽ പലപ്പോഴും വേനൽ കാലത്ത് ടാപ്പിംഗ് നിറുത്തിവയ്ക്കുകയാണ് പതിവ്. എന്നാൽ മരം വെട്ടി പാലെടുത്ത് ഷീറ്റുകളാക്കി അന്നന്നത്തേയ്ക്ക് ഉപജീവനം തേടുന്ന ചെറുകിട കർഷകരുടെ ജീവിതം ദുരിതത്തിലാവും. മരത്തിന്റ പട്ടയിൽ തണുത്ത മണ്ണ് പൊത്തിവച്ച് ചൂടിൽ നിന്ന് രക്ഷിക്കുക മാത്രമാണ് പരിഹാരം. എന്നാൽ അതത്ര എളുമല്ല.
വില ഇങ്ങനെ
ആർ.എസ്.എസ് 4 : 182.00
ആർ. എസ്.എസ് 5 : 178.00
തരംതിരിക്കാത്തത് : 167.50, 168.00
ഒട്ടുപാൽ 70% : 114
''കനത്ത ചൂടിൽ ടാപ്പിംഗ് നിലച്ചു. ഇനി ഇലപൊഴിയും കാലമാണ്. അടുത്ത സീസണ് മുമ്പ് റബർ മരങ്ങളെ നന്നായി സംരക്ഷിക്കണം. അതിനുള്ള പണം കർഷരുടെ കൈവശമില്ല. 200 രൂപ വിപണി വില എത്തും വരെ റബർ വിൽക്കില്ലെന്ന കർഷക സംഘങ്ങളുടെ തീരുമാനം ക്രംബ് റബർ കൂടുതൽ ഇറക്കുമതി ചെയ്തും വിപണിയിൽ നിന്ന് വിട്ടുനിന്നും ടയർലോബി പൊളിച്ചു. സർക്കാർ കാഴ്ചക്കാരായി നിൽക്കരുത്.
തോമസ് കുട്ടി (റബർ കർഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |