കേരളത്തിൽ പുതിയ ഗതാഗത സംസ്കാരം വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു. വലിയ മാറ്റത്തിന്റെ തുടക്കം ലേണേഴ്സ് ടെസ്റ്റു മുതൽ തന്നെ തുടങ്ങണമെന്നു പറയുന്നു, അദ്ദേഹം. 'കേരളകൗമുദി"യുമായുള്ള സംഭാഷണത്തിൽ നിന്ന്:
? ലേണേഴ്സ് ടെസ്റ്റിൽ സിലബസ് മാറ്റവും മൈസന് മാർക്കും ഒക്കെ കേൾക്കുന്നുണ്ടല്ലോ.
ലേണേഴ്സ് ലൈസൻസിന് നിലവിൽ നടത്തിവരുന്ന ഓൺലൈൻ ടെസ്റ്റിന് പുതിയ സിലബസ് ഏർപ്പെടുത്തും. ഇപ്പോൾ 20 ചോദ്യങ്ങളാണുള്ളത്. അത് 30 ആക്കും. 60 ശതമാനം മാർക്ക് കിട്ടുന്നവർ മാത്രമേ ജയിക്കൂ. ഉത്തരം തിരഞ്ഞെടുക്കാൻ അഞ്ച് ഓപ്ഷനുകൾ ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക്. ഉത്തരം തെറ്റിയാൽ മൈനസ് 0.25 മാർക്ക്.
? പരിശീലനുവും പരിശോധനയും ഒരിടത്താക്കുന്ന കാര്യം.
നവീന രീതിയിലുള്ള അംഗീകൃത ഡ്രൈവിംഗ് ട്രെയിനിംഗ് സ്കൂളുകൾ വരും. അവിടെ പരിശീലനവും പരിശോധനയും നടത്താനാകും. ക്യാമറ നിരീക്ഷണത്തിലായിരിക്കും ടെസ്റ്റുകൾ.
ആർ.സി ഹൈപ്പോതിക്കേഷൻ ഡിജിറ്റൽ ആകും. ഡിജിറ്റൽ കോപ്പി ആർ.സി കോപ്പിക്ക് അംഗീകാരം നൽകും
എല്ലാവരും, അവരുടെ ആർ.സികൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പറുമായി ബന്ധിപ്പിക്കണം. എന്നാലേ അടുത്ത സേവനങ്ങൾ ഉപയോഗികാൻ കഴിയൂ.
? റോഡ് യൂസേഴ്സ് ആക്ട് വരികയാണല്ലോ.
റോഡ് ഉപയോഗിക്കുന്ന കാൽനടക്കാരും നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യാണ്. റോഡപകടത്തിൽ മരണമടയുന്ന കാൽനടക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇങ്ങനെ മരണപ്പെടുന്നവരിൽ പകുതി പേർ അപകടത്തിൽപ്പെടുന്നത് അവരുടെ തന്നെ അശ്രദ്ധകൊണ്ടായിരിക്കും. അതൊഴിവാക്കാനാണ് റോഡ് യൂസേഴ്സ് ആക്ടിനെപ്പറ്റി ആലോചന വന്നത്. ഇത് നിയമമാകാൻ അഭ്യന്തര, നിയമവകുപ്പുകളുടെ അനുമതി വേണം. റോഡുകളുടെ സ്ഥിതി കൂടി പരിഗണിച്ചു മാത്രമേ കാൽനടക്കാരെ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകൂ. ഇക്കാര്യത്തിൽ യാഥാർത്ഥ്യബോധത്തോടെ മാത്രമേ പ്രവർത്തിക്കൂ.
? എൻ.എച്ച് 66 പൂർത്തിയാകുമ്പോൾ ഫോർ ലൈൻ ട്രാഫിക് സംവിധാനം ഏർപ്പെടുത്തുമോ.
ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്ന എൻ.എച്ച് 66 പൂർത്തിയാകുമ്പോൾ നാലുവരി ഗതാഗത നിയമം നടപ്പിലാക്കും. ഇപ്പോൾ നിർമ്മാണം പൂർത്തിയായ റോഡിൽപ്പോലും തോന്നിയതു പോലെയാണ് വാഹനം ഓടിക്കുന്നത്. ബൈപ്പാസിൽ വേഗനിയന്ത്രണമുള്ള മേഖലയിൽ ഒഴികെ മിനിമം വേഗത 50 കിലോമീറ്ററാണ്. പലപ്പോഴും, ഉരുട്ടുന്ന വേഗതയിൽ വാഹനം ഓടിക്കുന്നവരുണ്ട്. വലതുവശത്തേക്ക് ഇഷ്ടംപോലെ കയറി ഓടിക്കുന്നവരുമുണ്ട്. എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്തുകൂടാ എന്നതിനെക്കുറിച്ച് വ്യക്തമായ മാർഗനിർദ്ദേശം മോട്ടോർ വാഹന വകുപ്പ് പുറപ്പെടുവിക്കും. പിന്നെ, ബോധവത്കരണം നൽകും. അതിനുശേഷം റോഡിൽ ക്യാമറകൾ സ്ഥാപിച്ച് , വരിതെറ്റിച്ചും വേഗതാ നിയമം തെറ്റിച്ചും വാഹനമോടിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തും.
? എം.വി.ഡി ഓഫിസുകളിൽ ഏജന്റ് ഭരണം അവസാനിച്ചോ.
മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ട് ഏജന്റുമാർക്ക് കൂടുതൽ അവസരം കിട്ടിയെന്ന് പറയുന്നത് ശരിയല്ല. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സന്ദർശക സമയം.ഈ സമയത്തു മാത്രമേ ഏജന്റിന് വരാൻ കഴിയൂ. ഓഫീസിൽ വരാൻ കഴിയാത്തവരാണ് ഏജന്റുമാരുടെ സഹായം തേടുന്നത്. സന്ദർശന സമയത്ത് ഓഫീസുകളിൽ ക്യൂ ഒന്നുമില്ല. ആരെയും മടക്കി അയക്കാറുമില്ല. ബാക്കി സമയത്ത് ഓഫീസ് ജോലികൾ ചെയ്തു തീർക്കാൻ ഉദ്യോഗസ്ഥർക്ക് സമയം കിട്ടുന്നതിനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്.
? ഇഷ്ടവാഹനം സൈക്കിൾ ആണെന്നു കേട്ടിട്ടുണ്ട്...
ഞാൻ എന്നും 40 മിനിട്ട് സൈക്കിൾ ചവിട്ടും. നാലഞ്ചുവർഷമായി ഇത് ശീലമാക്കിയിട്ട്. കുട്ടിക്കാലത്ത് സൈക്കിൾ ചവിട്ടിയിരുന്നത് ഒരു രസത്തിനായിരുന്നെങ്കിൽ, ഇപ്പോൾ ചവിട്ടുന്നത് ആരോഗ്യത്തിനാണ്. അന്തരീക്ഷത്തിനും അതാണ് നല്ലത്. മലിനീകരണമുണ്ടാകില്ല. ഓഫീസിലേക്കു വരുന്നത് സൈക്കിളിലായാൽ ഏറെ ഗുണം ചെയ്യും. പക്ഷെ, വിയർത്തുകുളിച്ചേ എത്താനാകൂ. ഓഫീസിൽ രാവിലെ ഫ്രഷായിട്ടു വേണമല്ലോ എത്താൻ.
വിദേശത്തൊക്കെ, കുളിക്കാൻ സൗകര്യമുള്ള ഓഫീസുകളുണ്ട്. സൈക്കിൾ ചവിട്ടി ഓഫീസിലെത്തിയിട്ട്, കുളിച്ച് ഫ്രെഷ് ആയി കാന്റീനിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ജോലിക്കു കയറാം. ഇവിടെയും ചില ഐ.ടി സ്ഥാപനങ്ങളിൽ ഈ സൗകര്യമുണ്ട്. അത് എത്രപേർ പ്രയോജനപ്പെടുത്തുന്നുവെന്ന് അറിയില്ല. നമ്മുടെ സർക്കാർ ഓഫീസുകളിൽ അത് പെട്ടെന്ന് നടപ്പിലാക്കുക പ്രയോഗികമാകില്ല. നമ്മൾ പിന്തുടർന്നുവരുന്ന ജീവിതരീതി അതല്ലല്ലോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |