തിരുവനന്തപുരം: വാക്കൗട്ട് പ്രസംഗത്തിന്റെ സമയത്തെച്ചൊല്ലി നിയമസഭയിൽ സ്പീക്കർ എ.എൻ.ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാക്പോര്. പൊലീസ് വീഴ്ചകളെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസവതരണത്തിന് ശേഷമുള്ള സതീശന്റെ വാക്കൗട്ട് പ്രസംഗം ഒമ്പത് മിനിറ്റായപ്പോൾ വേഗത്തിൽ അവസാനിപ്പിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. കുറഞ്ഞ സമയം വാക്കൗട്ട് പ്രസംഗം നടത്തുന്ന പ്രതിപക്ഷ നേതാവാണ് താനെന്നും ഇടപെടരുതെന്നും സതീശൻ മറുപടി നൽകി. ഇടപെടാൻ പാടില്ലെന്ന് ചെയറിനോട് റൂൾ ചെയ്യരുതെന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഇതോടെ ക്ഷുഭിതനായ സതീശൻ, സ്പീക്കർ നീതിബോധം കാട്ടണമെന്നും അനാവശ്യമായി ഇടപെടുന്നത് ശരിയായ രീതിയല്ലെന്നും പറഞ്ഞു. 9മിനിറ്റ് പ്രസംഗിച്ചപ്പോഴേ സ്പീക്കർ ബഹളം തുടങ്ങി. തന്റെ പ്രസംഗം നിറുത്തിച്ചാൽ മുഖ്യമന്ത്രിക്ക് സന്തോഷമാവുമെന്ന് കരുതിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് സതീശൻ ചോദിച്ചു. സതീശനെപ്പോലെ മുതിർന്ന അംഗം ഇങ്ങനെ സംസാരിക്കരുതെന്ന് സ്പീക്കർ കടുപ്പിച്ചു. പ്രതിപക്ഷത്തോട് ഏറ്റവും കൂടുതൽ നീതി പുലർത്തുന്നത് താനാണെന്നും സ്പീക്കർ പറഞ്ഞു.
അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകവേ പ്രതിപക്ഷനിരയിൽ ബഹളമുണ്ടായപ്പോൾ മുഖ്യമന്ത്രിയും ക്ഷുഭിതനായി.ഏതെങ്കിലും ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വല്ലാതെ ക്രമസമാധാനം തകർന്നുവെന്ന് പറഞ്ഞാൽ അത് യഥാർത്ഥ ചിത്രമാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീഷണി വേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. വാക്കുകൾ പൊള്ളുന്നതു കൊണ്ടാണ് പ്രതിപക്ഷ നേതാവ് എഴുന്നേൽക്കുന്ന സ്ഥിതിയുണ്ടായതെന്നും ഇത്രയും ചെറിയ കാര്യങ്ങൾ പോലും സഹിക്കാൻ കഴിയുന്നില്ലെങ്കിൽ എവിടേയ്ക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്കാണ് പൊള്ളുന്നതെന്നായിരുന്നു സതീശന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |