തിരുവനന്തപുരം: കേരളത്തിൽ സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി, പതിനാല് ജില്ലകളിലും പുതിയ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത് പിന്നാക്ക- മുസ്ലിം- ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർ. ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ സംസ്ഥാന കോൺഗ്രസ് നേതൃത്വം സംഘടനയിലും സ്ഥാനാർത്ഥി നിർണയത്തിലും പാടെ അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് സി.പി.എമ്മിന്റെ പുത്തൻ പരീക്ഷണം. ഈഴവർ- 9, മുസ്ലിം- 3, ക്രിസ്ത്യൻ- 2 എന്നതാണ് അനുപാതം.
ജാതിയും മതവും നോക്കാതെ, സംഘടനാശേഷിയും നേതൃ പാടവവുമാണ് മാനദണ്ഡമാക്കിയതെന്ന് സി.പി.എം നേതൃത്വം അവകാശപ്പെടുന്നുണ്ട്. എന്നാൽ, പാർട്ടിയിൽ നിന്ന് അകലുന്ന ഈഴവരാദി പിന്നാക്ക- ന്യൂനപക്ഷ സമുദായങ്ങളെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായ പശ്ചാത്തലത്തിൽ ഒപ്പം കൂട്ടുകയാണ് ലക്ഷ്യം.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെ ബി.ജെ.പിയിലേക്ക് വോട്ടുകൾ പോകാതിരിക്കാനുള്ള ആസൂത്രിത നീക്കമെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ നിന്ന് പല കാരണങ്ങളാൽ അകന്നവരെ ഉൾപ്പെടെ ഒപ്പം നിറുത്താനും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനും പ്രാപ്തരാണ് പുതിയ ജില്ലാ സെക്രട്ടറിമാരെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. വോട്ടു ചോർച്ച തടയാനുള്ള തീവ്ര യത്നമാവും പുതിയ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പാർട്ടി നടത്തുക.
സി.പി.എം സംസ്ഥാന സമ്മേളനം അടുത്തമാസം കൊല്ലത്ത് നടക്കാനിരിക്കെ, പുതിയ സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും തുടർന്ന് സ്ഥാനാർത്ഥി നിർണയത്തിലും ഇതനുസരിച്ചുള്ള പ്രാതിനിദ്ധ്യം ഈ ജനവിഭാഗങ്ങൾക്ക് ലഭിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
സംസ്ഥാന കമ്മിറ്റിയിൽ
പ്രായം കഴിഞ്ഞ 6 പേർ
75 വയസ് പൂർത്തിയായവരെ ഒഴിവാക്കുന്ന രീതി നിലവിലെ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ആറ് പേർക്ക് ബാധകമായേക്കും. ആനാവൂർ നാഗപ്പൻ, കെ.വരദരാജൻ, പി.രാജേന്ദ്രൻ, എസ്.രാജേന്ദ്രൻ, സി.എം.ദിനേശ് മണി, ഗോപി കോട്ടമുറിക്കൽ എന്നിവരാണ് പ്രായപരിധി കഴിഞ്ഞവർ. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് സംസ്ഥാന സമ്മേളനം കഴിഞ്ഞ് മേയിലും സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാറിന് ഒക്ടോബറിലുമാണ് 75 വയസ് പൂർത്തിയാവുന്നത്. ഇവർക്ക് ഒരു ടേം കൂടി നൽകണോ എന്ന കാര്യം സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. 79കാരനും പൊളിറ്റ് ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകുന്ന കാര്യം പാർട്ടി കേന്ദ്ര കമ്മിറ്റിയാണ് തീരുമാനിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |