സൂര്യന് ചുറ്റുമുള്ള എട്ട് ഗ്രഹങ്ങളിൽ ജീവൻ നിലവിലുള്ള ഏക ഗ്രഹമാണല്ലോ ഭൂമി. മറ്റ് ഗ്രഹങ്ങളിൽ അതിനുള്ള സാദ്ധ്യത വളരെ വിരളമാണ്. നിരവധി ഘടകങ്ങൾ ഒന്നുചേർന്നതിനാലാണ് ഭൂമിയിൽ ജീവൻ ആവിർഭവിച്ചത്. ഇതിനിടെ ഭൂമിയുടെ ഉള്ളിൽ ഇപ്പോൾ സംഭവിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തിലെ അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.
ഭൂമിയുടെ അകക്കാമ്പിന് ഒരു പന്തിന്റെ രൂപമാണെന്നായിരുന്നു മുൻപ് കരുതിപ്പോന്നത് എന്നാൽ അതിന്റെ രൂപം നിരന്തരം മാറിക്കൊണ്ടിരിക്കാൻ തുടങ്ങി എന്ന കണ്ടെത്തലാണ് പുറത്തുവരുന്നത്. പ്രൊഫ. ജോൺ വിഡേലിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. നേച്ചർ ജിയോസയൻസ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ വിവരമുള്ളത്. ഭൂപ്രതലത്തിൽ നിന്നും 4000 മൈൽ അകത്തായാണ് ഭൂവൽക്കം. ഇതിനപ്പുറം ഉള്ള വിവരങ്ങൾ ഗവേഷകർക്കും ലഭിച്ചിട്ടില്ല. ചിലർ ഭൂമിക്കുള്ളിൽ നിന്നുണ്ടാകുന്ന ഭൂചലനത്തിലെ തരംഗങ്ങളെ അളന്നാണ് ഉൾക്കാമ്പിന്റെ വിവരം തേടുന്നത്.
ഭൂമിയുടെ കാലാവസ്ഥയും ഉൾഭാഗത്തെ നിലയും നിരന്തരം പരിവർത്തനത്തിന് വിധേയമാകാറുണ്ട്. ടെക്‌ടോണിക് പ്ളേറ്റുകളുടെ ചലനം, കാലാവസ്ഥാ വ്യതിയാനം, മാഗ്നറ്റിക് ധ്രുവങ്ങളുടെ മാറ്റം എന്നിവയൊക്കെ സംഭവിക്കുന്നുണ്ട്. ഒരേ സ്ഥലത്ത് 1991 മുതൽ 2023 വരെയുള്ള കാലത്ത് ഭൂകമ്പത്തിന്റെ തുടർച്ചയായുള്ള സീസ്‌മിക് തരംഗങ്ങളെ വിലയിരുത്തിയപ്പോഴാണ് അകക്കാമ്പ് നിരന്തരം മാറുന്നതായി മനസ്സിലായത്. 2010നോടടുപ്പിച്ച് ഭൂമിയിലെ അകക്കാമ്പ് മെല്ലെയായി തുടങ്ങിയെന്ന സിദ്ധാന്തത്തിന്റെ തെളിവാണ് സതേൺ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറായ ജോൺ വിഡേലിന്റെ പഠനത്തിൽ പുറത്തുവന്നത്.
ഭൂമിയിലെ അകക്കാമ്പിന്റെ പ്രവർത്തനം വഴിയുള്ള ഭൗമകാന്തിക ശക്തിയാണ് സൂര്യനിൽ നിന്നടക്കമുള്ള റേഡിയേഷനും ബഹിരാകാശ വസ്‌തുക്കളിൽ നിന്നുള്ള അപകടങ്ങളും ഒഴിവാക്കുന്നത്. ഭൂവൽക്കം തനിയെ ഭ്രമണം ചെയ്യുന്നുമുണ്ട്. ഈ ഭ്രമണം വഴിയണ് ഭൂമിയിൽ സൂര്യനിലെ മാരക റേഡിയേഷൻ തടയാൻ സാഹചര്യമൊരുങ്ങുന്നത്. ഒരിക്കൽ ഈ ഭാഗം ഭ്രമണം നിർത്തിയാൽ ഭൂമിയിൽ ചൊവ്വയിലേത് പോലെ ജീവൻ അസാദ്ധ്യമാകും.
ഭൂവൽക്കത്തിന്റെ ചില ഭാഗങ്ങൾ നൂറ് മീറ്ററോളം രൂപമാറ്റം വന്നിട്ടുണ്ടാകാമെന്നും ജോൺ വിഡേലിന്റെ പഠനം പറയുന്നു. എന്നാൽ ഇതിനർത്ഥം ഭൂവൽക്കം ചലനം നിർത്തുമെന്നല്ലെന്നും ഇപ്പോഴും ഇക്കാര്യത്തിൽ ഏറെ കണ്ടെത്തേണ്ടതുണ്ടെന്നും പഠനത്തിൽ വ്യക്തമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |