മേപ്പാടി: വയനാട്ടിൽ 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തിൽ ഒരു ആദിവാസി യുവാവിന് കൂടി ദാരുണാന്ത്യം. ഉരുൾപൊട്ടൽ ദുരന്തമേഖലയായ അട്ടമലയിൽ ഏറാട്ടുകുണ്ട് ഉന്നതിയിലെ കറുപ്പൻ-ബിന്ദു ദമ്പതികളുടെ മകൻ ബാലകൃഷ്ണനാണ് (26) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയശേഷം തലയിൽ ചവിട്ടുകയായിരുന്നു.
ബാലകൃഷ്ണനെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെ ഒൻപതിന് സെന്റിൻറോക്ക് എസ്റ്റേറ്റിലെ 5ബി റോഡിലാണ് മൃതദേഹം കണ്ടത്. മുണ്ടക്കൈ ഉരുൾ ദുരന്തത്തെത്തുടർന്ന് താത്കാലിക പുനരധിവാസത്തിന്റെ ഭാഗമായി അട്ടമലയിലെ എസ്റ്റേറ്റ് പാടിയിലാണ് ബാലകൃഷ്ണനും കുടുംബവും കഴിയുന്നത്. ഏറാട്ടുകുണ്ട് ഉന്നതിയിൽ എത്തിയശേഷം ഇവിടേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
സ്ഥിരമായി വന്യമൃഗ ശല്യമുള്ള പ്രദേശമാണിത്. ബാലകൃഷ്ണന്റെ മരണത്തെത്തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു. മൃതദേഹം മാറ്റാനും സമ്മതിച്ചില്ല. തഹസിൽദാർ സ്ഥലത്തെത്തി ബാലകൃഷ്ണന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ ഉറപ്പുനൽകിയശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാത്രി നൂൽപ്പുഴയിൽ മനു എന്ന ആദിവാസി യുവാവും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വൈദ്യുതിയില്ല, കാട്ടാന
നിന്നാലും അറിയില്ല
മുണ്ടക്കൈ ഉരുൾ ദുരന്തത്തിനുശേഷം അട്ടമലയിൽ വൈദ്യുതിബന്ധം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. തെരുവു വിളക്കുകൾ കത്താത്തതിനാൽ വഴിയിൽ കാട്ടാന നിന്നാലും കാണാനാകില്ല.
വയനാട്ടിൽ ഇന്ന്
ഹർത്താൽ
തുടർച്ചയായ വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യു.ഡി.എഫ്
ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ. അവശ്യ സർവീസുകളെ ഒഴിവാക്കി.
വയനാട്ടിൽ ഒരു വർഷത്തിനിടെ
കാട്ടാനകൾ കൊന്നത് 8 പേരെ
2024 ജനുവരി 31- തിരുനെല്ലി തോൽപ്പെട്ടി ബാർഗിരിയിൽ ലക്ഷ്മണൻ (50)
ഫെബ്രുവരി 10-പയ്യമ്പളളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷ് (47)
ഫെബ്രുവരി 16- പുൽപ്പളളി പാക്കം തിരുമുഖത്ത് പോൾ (55)
മാർച്ച് 28- പരപ്പൻപാറയിൽ മിനി (35)
ജൂലായ് 16-സുൽത്താൻ ബത്തേരി കല്ലൂർ കല്ലുമുക്ക് രാജു(49)
2025 ജനുവരി 8-പുൽപ്പള്ളി ചേകാടിയിൽ കർണാടക കുട്ട സ്വദേശി വിഷ്ണു(22)
ഫെബ്രുവരി 11- അമ്പലമൂല നരിക്കൊല്ലിയിൽ മനു(46)
ഫെബ്രുവരി 12- അട്ടമലയിൽ ബാലകൃഷ്ണൻ(26)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |