ഒരു വരാന്ത, മുറി, പിന്നിൽ അടുക്കള. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും കിടക്കുന്നതുമെല്ലാം ഈ രണ്ടു മുറികളിൽ തന്നെ. പല ലയങ്ങൾക്കായി വൃത്തിഹീനമായ ഒരു പൊതുശുചിമുറി. വർഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാത്ത ലയങ്ങളുടെ മേൽക്കൂരകൾ മഴയിൽ മുഴുവൻ ചോരും. നനയാതിരിക്കാൻ അവർ മേൽക്കൂരയ്ക്ക് താഴെ ടാർപോളിൻ വലിച്ചുകെട്ടിയിരിക്കുകയാണ്. കാലപ്പഴക്കം കൊണ്ട് ഭിത്തിയും വാതിലുമെല്ലാം നശിച്ചതിനാൽ രാത്രികാലങ്ങളിൽ ഇഴജന്തുകൾ മുറികളലേക്ക് കടന്നുവരും. പീരുമേട്ടിലെയടക്കം അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്ഥിതിയാണിത്. 2015ലെ പെമ്പിളൈ ഒരുമൈ സമരത്തെ തുടർന്ന് സർക്കാരും തോട്ടം മാനേജ്‌മെന്റുകളും ലയങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിച്ചില്ല. പെട്ടിമുടി ദുരന്തത്തിനുശേഷം മൂന്നാറിലെത്തിയ മുഖ്യമന്ത്രിയടക്കം ലയങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ഏറ്റവുമൊടുവിൽ തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി എന്തെങ്കിലും ആശ്വാസനടപടികളുണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി ഒരു വാക്ക് പോലും പരാമർശിക്കാത്ത സംസ്ഥാന ബഡ്ജറ്റും കടന്നുപോയി. പ്രതിസന്ധിയിലായ തോട്ടം മേഖലയെ കരകയറ്റാൻ പുതിയ നിർദ്ദേശങ്ങൾ ഒന്നുമില്ലാത്ത ബഡ്ജറ്റ് തൊഴിലാളികളിലും തോട്ടം മാനേജുമെന്റുകളിലും കടുത്ത നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏതാനും വൻകിട തോട്ടങ്ങൾ ഒഴികെ മറ്റു തോട്ടങ്ങൾ നിലനിൽപ്പിനായി കഠിന പരിശ്രമത്തിലാണ്. കൃത്യമായി തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കഴിയുന്നില്ല. പ്രോവിഡന്റ് ഫണ്ട് വിഹിതം തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്ത വിഹിതമടക്കം വൻ കുടിശ്ശികയാണ് പല തോട്ടങ്ങളിലും അടയ്ക്കാനുള്ളത്. ഗ്രാറ്റുവിറ്റിയടക്കം പല തോട്ടങ്ങളും വൻകുടിശിക തുക അടയ്ക്കാനുണ്ട്. ഇതോടൊപ്പം പൊട്ടിപ്പൊളിഞ്ഞ ലയങ്ങൾ നവീകരിക്കാൻ ഒരു നിർദ്ദേശവും പുതിയതായി ബഡ്ജറ്റിൽ ഇല്ല. മുൻ വർഷങ്ങളിൽ 20 കോടി രൂപ ലയങ്ങൾ നവീകരിക്കാൻ രണ്ട് ഘട്ടങ്ങളിലായി അനുവദിച്ചിരുന്നു. ഈ തുക വിവിധ കാരണങ്ങളാൽ ചെലവഴിക്കാൻ കഴിയാതെ കിടക്കുകയാണ്. തൊഴിലാളികൾക്ക് സർക്കാർ പുതിയ ഭവന സമുച്ചയം നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനവും പാഴ്വാക്കായി. സംസ്ഥാന സർക്കാർ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിച്ച് വൈവിധ്യവത്കരണത്തിലൂടെ തോട്ടംമേഖലയെ മെച്ചപ്പെടുത്താമെന്ന് നിർദ്ദേശിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില തോട്ടങ്ങളിൽ വൈവിദ്ധ്യവത്കരണം നടപ്പിലാക്കുകയും അത് ലാഭകരമാക്കാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ സർക്കാർ ഇതിനുവേണ്ടി ഫണ്ട് മാറ്റി വയ്ക്കാത്തതിനാൽ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്നില്ല. പ്ലാന്റേഷനുകളിൽ തേയില ചെടികൾ റീ പ്ലാന്റ് ചെയ്യാത്തതും തേയില ഉത്പാദനത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ കഴിയുന്നില്ല. നൂറ് വർഷത്തിലധികം പഴക്കമുള്ള തേയില ചെടികളാണ് പീരുമേട്ടിലെ തേയില തോട്ടങ്ങളിലധികവും. തേയില ചെടികൾ റീപ്ലാന്റ് ചെയ്യാൻ ഒരു ഹെക്ടറിന് 20 ലക്ഷം രൂപയിലധികം ചെലവ് വരും. ഈ തുക കണ്ടെത്താൻ മാനേജ്‌മെന്റിന് കഴിയുന്നില്ല. ടീബോർഡും കേന്ദ്ര സംസ്ഥാന സർക്കാരുകളും പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചാൽ മാത്രമേ പീരുമേട്ടിലെ പ്ലാന്റേഷനിൽ തേയില റീപ്ലാന്റ് ചെയ്യാൻ കഴിയൂ.
ലയങ്ങളിൽ നരകജീവിതം
തേയില, ഏല തോട്ടങ്ങളിൽ പണി ചെയ്യുന്ന തൊഴിലാളികൾ ഇപ്പോഴും വാസയോഗ്യമല്ലാത്ത ലയങ്ങളിലാണ് താമസിക്കുന്നത്. പല ലയങ്ങളും ഇടിഞ്ഞു പൊളിഞ്ഞു. പല തോട്ടങ്ങളിലെയും ലയങ്ങൾ 60 വർഷത്തിലധികം കാലപ്പഴക്കമുള്ളവയാണ്. ചോർന്ന് ഒലിക്കുന്നതും പൊട്ടിപൊളിഞ്ഞതുമാണ്. ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലുള്ളവരുടെ ജീവിതമാണ് അതിദയനീയം. ഇടിഞ്ഞു വീഴാറായ ലയങ്ങൾക്കുള്ളിൽ ജീവനും മരണത്തിനുമിടയിൽ കഴിയുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. ഉടമകളുപേക്ഷിച്ച ഇരുന്നൂറിലധികം ലയങ്ങളുണ്ട്. ഇവിടങ്ങളിലെ ജീവിതം നരകതുല്യമാണ്. ഒരു ലയത്തിൽ ചുരുങ്ങിയത് നാല് കുടുംബങ്ങളെങ്കിലും ഉണ്ടാകും. അടിസ്ഥാന സൗകര്യങ്ങൾ പേരിന് മാത്രമാണ്. ഫാക്ടറികളും അനുബന്ധ കെട്ടിടങ്ങളും കാട് കയറി നശിച്ചു. മിക്കവർക്കും തൊഴിലില്ലാതാകുകയും ആനുകൂല്യങ്ങൾ മുടങ്ങുകയും ചെയ്തു.
വാലാട്ടികളായി യൂണിയനുകൾ
ആദ്യകാലങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയിരുന്ന തൊഴിലാളി യൂണിയനുകളെല്ലാം ഇന്ന് കമ്പനികളുടെ വാലാട്ടികളാണ്. മുതലാളിമാരുടെ പണം വാങ്ങി തൊഴിലാളികളെ വഞ്ചിക്കുന്നതിൽ രാഷ്ട്രീയ ഭേദമില്ല. തങ്ങൾക്കു വേണ്ടി ആരും ശബ്ദിക്കാനില്ലെന്ന ബോദ്ധ്യമുണ്ടായതോടെയാണ് 2015 സെപ്തംബറിൽ തൊഴിലാളി സ്ത്രീകൾ പെമ്പിളൈ ഒരുമൈ എന്ന പേരിൽ സംഘടിച്ച് ചൂഷണത്തിനെതിരെ ഐതിഹാസിക സമരം നടത്തിയത്. കേരളത്തിന്റെ സമരഭൂപടത്തിലെ അവഗണിക്കാനാവാത്ത ആ പെൺചരിതം പക്ഷേ, അധികനാൾ നീണ്ടുനിന്നില്ല. തങ്ങളെ അപ്രസക്തരാക്കി തൊഴിലാളി സ്ത്രീകൾ നടത്തിയ അവകാശ പോരാട്ടം യൂണിയനുകളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട യൂണിയൻ നേതാക്കളുടെ കുടില ബുദ്ധിയിൽ പെമ്പിളൈ ഒരുമൈ വലിയ താമസമില്ലാതെ ഒരുമ ഇല്ലാത്തവരായി മാറി. തമ്മിലടി സംഘടനയെ ഇല്ലാതാക്കി. അതോടെ സമരകാലത്ത് സർക്കാരും കമ്പനിയും നൽകിയ വാഗ്ദാനങ്ങളും മൺമറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |