ന്യൂഡൽഹി: സിക്ക് വിരുദ്ധ കലാപത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് മുൻ എം.പി സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി വിധി. ഡൽഹി കാന്റിൽ നടന്ന മറ്റൊരു സിക്ക്‌വിരുദ്ധ കലാപ കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സജ്ജൻ കുമാർ.
1984 നവംബർ ഒന്നിന് ഡൽഹി സരസ്വതി വിഹാറിൽ ആക്രമാസക്തരായ ജനക്കൂട്ടം ജസ്വന്ത് സിംഗ്, മകൻ തരുൺദീപ് സിംഗ് എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് നടപടി. മറ്റ് കുടുബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ വീട് കൊള്ളയടിക്കുകയും ചെയ്‌തു. സംഭവത്തിൽ സജ്ജൻ കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. അദ്ദേഹം ആരോപണം നിഷേധിച്ചിരുന്നു. പഞ്ചാബി ബാഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിരുന്നു. 2021 ഡിസംബർ 16ന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തി സജ്ജനെതിരെ കോടതി കുറ്റം ചുമത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |