പുതിയ നിയമത്തിൽ അസസ്‌മെന്റ് വർഷം ഇനി നികുതി വർഷമാകും
പുതിയ ആദായ നികുതി ബിൽ ഇന്ന് പാർലമെന്റിൽ
ന്യൂഡൽഹി: ആദായ നികുതിദായകർക്ക് ഏറെ ആശ്വാസം പകർന്ന് നിയമങ്ങൾ ലളിതവും സമഗ്രവുമാക്കുന്ന പുതിയ ഇൻകം ടാക്സ് ആക്‌ട് 2025 കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. അസസ്‌മെന്റ് വർഷമെന്നത് നികുതി വർഷമായി മാറുന്ന ബില്ലിലെ വ്യവസ്ഥകൾ സാധാരണക്കാർക്ക് മനസിലാകുന്ന ലളിതമായ ഭാഷയിലായിലാക്കും. അസസ്‌മെന്റ് വർഷം, മുൻവർഷം എന്നീ പ്രയോഗങ്ങൾ പുതിയ ബില്ലിൽ ഒഴിവാക്കി, ഇതോടെ നികുതി അടയ്ക്കുമ്പോഴും റിട്ടേൺ ഫയൽ ചെയ്യുമ്പോഴുമുള്ള ആശയകുഴപ്പം ഒഴിവാക്കും.
1961ലെ ആദായ നിയമം ഭേദഗതി ചെയ്യുന്ന ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടേക്കും. അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ നടപ്പിലായേക്കും.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
സാമ്പത്തിക വർഷം ഏപ്രിൽ 1 ന് ആരംഭിച്ച് മാർച്ച് 31 ന് അവസാനിക്കുന്ന രീതി തുടരും.
ആദായനികുതി റിട്ടേൺ ഫയലിംഗിന്റെ 139-ാം വകുപ്പ് പുതിയ ബില്ലിൽ 115ബി.എ.സി എന്നാകും.
പ്രവാസികളെ സംബന്ധിക്കുന്ന വ്യവസ്ഥകൾ തുടരും.
സ്റ്റാൻഡേർഡ് ഡിഡക്ഷൻ, ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്മെന്റ് തുടങ്ങി ശമ്പളത്തിൽ നിന്നുള്ള കിഴിവുകൾ വ്യത്യസ്ത വിഭാഗങ്ങളിൽ പരിഗണിച്ചിരുന്നത് ഏകീകരിച്ചു. അതിനാൽ ടി.ഡി.എസ് പ്രക്രിയ എളുപ്പമാകും.
മറ്റ് സ്രോതസുകളിൽ നിന്നുള്ള വരുമാനമെന്ന നിർവചനത്തിൽ വെർച്വൽ ഡിജിറ്റൽ ആസ്തികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസി പോലുള്ള മേഖലകളിൽ നിന്നുള്ള വരുമാനത്തിന് ആദായ നികുതി ഈടാക്കാൻ ഇതോടെ അവസരമൊരുങ്ങും.
ആദായനികുതി റിട്ടേൺ ഫയലിംഗ് സമയപരിധി, ആദായനികുതി സ്ലാബുകൾ, മൂലധന നേട്ട പരിധി എന്നിവയിൽ മാറ്റമില്ല.
ബിൽ പാസായാൽ 2025 ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് 31വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ വരുമാനത്തിന്റെ നികുതി കണക്കാക്കുന്നത് പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാകും.
നിയമം ലളിതമാകും
പുതിയ ബിൽ 23 അദ്ധ്യായങ്ങളിലായി 298 വിഭാഗങ്ങളും 14 ഷെഡ്യൂളുകളും അടങ്ങിയത്. നിലവിൽ 23 അദ്ധ്യായങ്ങളിൽ 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളും. ബില്ലിന്റെ പേജുകൾ 823ൽ നിന്ന് 622ആയി കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |