തിരുവനന്തപുരം: പകുതിവില തട്ടിപ്പിൽ രാഷ്ട്രീയക്കാർ ഫണ്ടായും സംഭാവനയായും കൈപ്പറ്റിയ പണം കണ്ടുകെട്ടാൻ പൊലീസ്. സാമ്പത്തിക തട്ടിപ്പു കേസുകളിൽ, തട്ടിയെടുത്ത പണമുപയോഗിച്ച് വാങ്ങിയ സ്വത്തുക്കൾ കണ്ടുകെട്ടാറുണ്ട്. സമാനമായ നടപടികളാവും ഈ കേസിലുമുണ്ടാവുകയെന്ന് പൊലീസ് വ്യക്തമാക്കി.
പാതിവിലയ്ക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശി അനന്ദുകൃഷ്ണൻ 400കോടിയിലേറെ തട്ടിയെടുത്തിട്ടുണ്ട്. സംഭാവന വാങ്ങിയ രാഷ്ട്രീയക്കാരെയടക്കം രക്ഷിക്കാനാണ് നീക്കമെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
അനന്ദുകൃഷ്ണൻ നിരവധി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയിട്ടുണ്ട്.
ഇടുക്കി, എറണാകുളം അടക്കം വിവിധ ജില്ലകളിലെ ഒട്ടേറെ നേതാക്കൾക്ക് അനന്തു ലക്ഷങ്ങൾ സംഭാവനയായും ഫണ്ടായും നൽകി. ഭരണപക്ഷത്തെ ഉന്നത നേതാക്കളടക്കം ഫണ്ട് വാങ്ങിയതായി സമ്മതിച്ചിട്ടുമുണ്ട്. സംഭാവന വാങ്ങിയത് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരില്ലെങ്കിലും തട്ടിപ്പു പണമായതിനാൽ ഇത് പിടിച്ചെടുക്കേണ്ടി വരും. പണം വാങ്ങിയവർക്കെതിരേ തട്ടിപ്പ് കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
സംഭാവനയും ഫണ്ടും കൈപ്പറ്റിയ രാഷ്ട്രീയക്കാരുടെ വിവരങ്ങൾ അനന്ദുവിൽ നിന്ന് ക്രൈംബ്രാഞ്ചാവും ശേഖരിക്കുക. ഇതുപ്രകാരം പണം കണ്ടുകെട്ടാനുള്ള നടപടികളെടുക്കും. ഇത് കേസിന്റെ രണ്ടാം ഘട്ടത്തിലാവും. ഇപ്പോൾ പരാതികളിൽ കേസുകളെടുക്കാനും പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യാനും അവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനുമായിരിക്കും മുൻഗണന. ഇതുവരെ 8000ലേറെ പരാതികളിലായി 500ലേറെ കേസുകളെടുത്തു. കേസുകൾ ഘട്ടംഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 11സംഘങ്ങളായാണ് അന്വേഷിക്കുക
അനന്ദുവും സായിഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ ആനന്ദകുമാറും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ആനന്ദകുമാറിനെ കേസുകളിലെല്ലാം മുഖ്യപ്രതിയാക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടായാലുടൻ ആനന്ദകുമാറിനെ അറസ്റ്റ് ചെയ്യും
കണ്ടുകെട്ടൽ ഇങ്ങനെ
ജില്ലാ കളക്ടർമാരും, നോഡൽ ഓഫീസർമാരായി അഡിഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റുമാരും അതോറിട്ടിയിലുണ്ടാവും.
തട്ടിപ്പ് പൊലീസന്വേഷണത്തിൽ ബോദ്ധ്യമായാൽ സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്ത് വിറ്റ് നിക്ഷേപകർക്ക് പണം ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |