ആലപ്പുഴ: വീടിന്റെ മുന്നിൽ കൂടി 'മീനേ മീനേ' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തിയയാളെ പട്ടികകൊണ്ട് ആക്രമിച്ച യുവാവ് പൊലീസ് പിടിയിലായി. ആലപ്പുഴ മുനിസിപ്പൽ സക്കറിയ വാർഡിൽ ദേവസ്വം പറമ്പിൽ സിറാജാണ് (27) പിടിയിലായത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി വെളിയിൽ വീട്ടിൽ ബഷീറിനാണ് (51) മർദ്ദനമേറ്റത്.
തിങ്കളാഴ്ച രാവിലെ 10.30 നാണ് സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡിൽ കൂടി മീൻകച്ചവടക്കാർ ദിവസവും രാവിലെ മീനേ... മീനേ... എന്ന് ഉച്ചത്തിൽ വിളിച്ച് മീൻ വിൽപ്പന നടത്തുന്നത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്. മീൻകച്ചവടക്കാർ ഉച്ചത്തിൽ കൂവി വിളിക്കുന്നതുകാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ നിന്നും ശ്രദ്ധ തിരിയുന്നു എന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പറഞ്ഞത്. സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആലപ്പുഴ സൗത്ത് സൗത്ത് സി. ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ വിജയപ്പൻ, മുജീബ്, സി. പി. ഒമാരായ അരുൺ.ജി, ലിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |