ന്യൂഡൽഹി: ദക്ഷിണ ഫ്രാൻസിലെ മാർസെയിലിൽ ഇന്ത്യയുടെ പുതിയ കോൺസുലേറ്റ് പ്രവർത്തനം തുടങ്ങി. ഫ്രാൻസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സംയുക്തമായാണ് കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്. ഇരുനേതാക്കളും ഒന്നിച്ച് ഉദ്ഘാടനം നിർവഹിച്ചത് ഇന്ത്യ-ഫ്രാൻസ് ബന്ധത്തിലെ നാഴികക്കല്ലാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉദ്ഘാടനവേളയിൽ മാക്രോണിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യൻ പ്രവാസികളും ചടങ്ങിൽ പങ്കെടുത്തു.
2023 ജൂലായിൽ പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ് മാർസെയിലിൽ കോൺസുലേറ്റ് തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പ്രൊവൻസ് ആൽപ്സ് കോട്ട് ഡി അസൂർ, കോർസിക്ക, ഒക്സിറ്റാനി, ഓവർഗ്നെ-റോൺ-ആൽപ്സ് എന്നീ ഫ്രഞ്ച് ഭരണ മേഖലകളിലാണ് പുതിയ കോൺസുലേറ്റിന്റെ അധികാരപരിധി.ഫ്രാൻസിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ മാർസെയിൽ വ്യാപാരം, വ്യവസായം, ഊർജം, ആഡംബര വിനോദസഞ്ചാരം മേഖലകളിൽ മുന്നിലാണ്.
യുദ്ധ സ്‌മാരകത്തിൽ
ശ്രദ്ധാഞ്ജലി
മോദിയും മാക്രോണും ഇന്നലെ രാവിലെ മാർസെയിലിലെ മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിച്ച് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ രക്തസാക്ഷിത്വം വഹിച്ച ഇന്ത്യൻ സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതാണ് സെമിത്തേരിയെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
സവർക്കറെ
രക്ഷപ്പെടുത്തിയതിന് നന്ദി
ബ്രിട്ടീഷുകാരിൽ നിന്ന് രക്ഷപ്പെടാൻ വീർ സവർക്കർ എത്തിയത് മാർസെയിലാണെന്ന് മോദി അനുസ്‌മരിച്ചു. ഫ്രഞ്ച് ജനത അദ്ദേഹത്തിന് നൽകിയ സഹായത്തിന് നന്ദി പറയുന്നതായും എക്‌സിൽ കുറിച്ചു.
യൂറോപ് ഇടനാഴിക്കായി
പ്രവർത്തിക്കും
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (ഐ.എം.ഇ.സി) യാഥാർത്ഥ്യമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മോദിയും മാക്രോണും വ്യക്തമാക്കി. മേഖലയിൽ കണക്റ്റിവിറ്റി, സുസ്ഥിര വളർച്ചാ പാതകൾ, ശുദ്ധമായ ഊർജ്ജം എന്നിവ ഉറപ്പാക്കാൻ ഐ.എം.ഇസിക്ക് നിർണായക പങ്കുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ഇരു നേതാക്കളും കാഡറാഷെയിലുള്ള അന്താരാഷ്ട്ര തെർമോ ന്യൂക്ലിയർ പരീക്ഷണ റിയാക്ടർ(ഐ.ടി.ഇ.ആർ) സന്ദർശിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഫ്യൂഷൻ ഊർജ്ജ പദ്ധതികളിലൊന്നായ ഐ.ടി.ഇ.ആറിൽ ഒരു വിദേശ രാഷ്ട്രത്തലവൻ നടത്തുന്ന ആദ്യ സന്ദർശനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |