അത്‌ലറ്റിക്സിലെ അവസാന ഇനമായ 4-400 മീറ്റർ മിക്സഡ് റിലേയിൽ കേരളത്തിന് സ്വർണം
ഒരൊറ്റ സ്വർണം കൊണ്ട് മടങ്ങേണ്ടിവരുമോ എന്ന ആശങ്കയിലായിരുന്ന അത്‌ലറ്റിക്സ് സംഘത്തിന് ആശ്വാസം പകർന്ന് അവസാന മത്സരയിനമായ 4- 400 മീറ്റർ മിക്സഡ് റിലേയിലെ പൊന്നുവേട്ട. മനു ടി.എസ്, സ്‌നേഹ മറിയം വിൽസൺ, ബിജോയ് ജെ, അൻസാ ബാബു എന്നിവരാണ് 3 മിനിട്ട് 25.35 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയത്. ഇത്തവണത്തെ ദേശീയ ഗെയിംസിൽ അത്‌ലറ്റിക്സിലെ കേരളത്തിന്റെ രണ്ടാമത്തെ സ്വർണമായിരുന്നു ഇത്. ഡെക്കാത്ത്‌ലണിൽ തൗഫീക്കിലൂടെയായിരുന്നു ആദ്യ സ്വർണം.
മിക്സഡ് റിലേയുടെ ആദ്യ ലാപ്പിൽ മുന്നിട്ടുനിന്ന തമിഴ്‌നാടിന്റെ താരത്തിൽ നിന്ന് രണ്ടാം ലാപ്പിന്റെ ഒടുവിൽ ബാറ്റൺ തറയിൽ വീണു. ഈ അവസരം മുതലെടുത്ത് തൊട്ടുപിറകിലുണ്ടായിരുന്ന കേരളത്തിന്റെ സ്‌നേഹ ഒന്നാമതെത്തി. പിന്നീട് ബിജോയിയും അൻസാ ബാബുവും ലീഡ് നിലനിറുത്തിയതോടെ കേരളം പൊന്നിൽ മുത്തമിട്ടു. കഴിഞ്ഞ ദേശീയ ഗെയിംസിൽ മിക്‌സഡ് റിലേയിൽ കേരളത്തിന് വെള്ളിയായിരുന്നു. തമിട്നാടിനെയും രാജസ്ഥാനെയും ട്രാക്ക് തെറ്റിച്ചതിന് അയോഗ്യരാക്കിയപ്പോൾ മഹാരാഷ്ട്ര വെള്ളിയും പഞ്ചാബ് വെങ്കലവും നേടി.
അത്‌ലറ്റിക്‌സിൽ ഇന്നലെ നടന്ന 400 മീറ്റർ ഹർഡിൽസിൽ പുരുഷ വിഭാഗത്തില്‍ മനൂപും വനിതാ വിഭാഗത്തിൽ അനുരാഘവനും ആറാമതും ദിൽനാ ഫിലിപ്പ് ഏഴാമതുമെത്തി. വനിതാ ഹൈജമ്പിൽ ആതിരാ സോമരാജ് 1.77 മീറ്റർ ചാടി ആറാമതായി. ഗോവ ഗെയിംസിൽ വെങ്കലം നേടിയിരുന്ന എയ്ഞ്ചൽ.പി .ദേവസ്യ പരിക്ക് മൂലം മത്സരിക്കാനിറങ്ങിയില്ല.
അത‌്ലറ്റിക്സിൽ 2 സ്വർണം, 13 മെഡൽ
ഇക്കുറി ദേശീയ ഗെയിംസിൽ അത്‌ലറ്റിക്സിൽ കേരളത്തിന് ആകെ ലഭിച്ചത് രണ്ട് സ്വർണവും മൂന്ന് വെള്ളിയും എട്ടു വെങ്കലങ്ങളുമടക്കം 13 മെഡലുകൾ. ഗോവയിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ ഇത് മൂന്ന് സ്വർണവും നാലുവെള്ളിയും 6 വെങ്കലങ്ങളുമടക്കം 13 മെഡലുകളായിരുന്നു. സീനിയർ താരങ്ങൾ പലരും പിൻവാങ്ങിയതിനാൽ ജൂനിയേഴ്സുമാണ് ഇക്കുറി കേരളം ട്രാക്കിലിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |