അഹമ്മദാബാദ്: അവസാന മത്സരത്തിലും ജയം നേടി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി (3-0) ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് റെഡി. അതേ സമയം ചാമ്പ്യൻസ്ട്രോഫിക്ക് തൊട്ടുമുൻപ് വഴങ്ങേണ്ടി വന്ന സമ്പൂർണ തോൽവി ഇംഗ്ലണ്ടിന് നാണക്കേടും തിരിച്ചടിയുമായി. ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യമായി കളത്തിലിറങ്ങിയ ഇന്ത്യ 142 റൺസിനാണ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 356 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 34.2 ഓവറിൽ 214 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
വീണ്ടും ഗിൽ
പരമ്പരയിൽ മികച്ച ഫോം തുടരുന്ന ശുഭ്‌മാൻ ഗില്ലിന്റെ (112) സെഞ്ച്വറിയാണ് ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ നല്ല സ്കോറിലെത്തിച്ചത്. 102 പന്ത് നേരിട്ട് 14 ഫോറും 3 സിക്‌സും ഉൾപ്പെട്ടതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്. ഗില്ലിന്റെ കരിയറിലെ ഏഴാം ഏകദിന സെഞ്ച്വറിയാണിത്. മോശം ഫോമിലായിരുന്ന വിരാട് കൊഹ്ലി (52) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി.ശ്രേയസ് അയ്യരും (64 പന്തിൽ 78) പരമ്പരയിലെ രണ്ടാം അർദ്ധ സെഞ്ച്വറി നേടി നല്ല പ്രകടനം കാഴ്ചവച്ചു. കെ.എൽ രാഹുലും (29 പന്തിൽ 40) ഭേദപ്പെട്ട പ്രകടനം നടത്തി.അതേസമയം 2-ാം ഏകദിനത്തിൽ സെഞ്ച്വറി നേടിയ ക്യാപ്ടൻ രോഹിത് ശർമ്മ (1) വുഡ്ഡിന്റെ പന്തിൽ സാൾട്ടിന് ക്യാച്ച് നൽകി തുടക്കത്തിലേ മടങ്ങി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 4 വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഡക്കറ്റും (34), സാൾട്ടും (23) നല്ല തുടക്കം നൽകിയെങ്കിലും ഇരുവരും പുറത്തായതോടെ അവരുടെ ചേസിംഗ് പൊളിയുകയായിരുന്നു. അർഷ്ദീപാണ് ഡക്കറ്റിനേയും സാൾട്ടിനേയും പുറത്താക്കിയത്. ടോം ബാന്റൺ (38), ഗസ് അറ്റ്‌കിൻസൺ (38), ജോ റൂട്ട് (24) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അർഷ്‌ദീപിനെക്കൂടാതെ ഹർഷിത്, അക്ഷർ,ഹാർദിക് എന്നിവരും 2 വിക്കറ്റ് വീതം വീഴ്‌ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |