കൊല്ലം: ഡോ. വന്ദനാദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്താനായി ആക്രമിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷി കോടതിയിൽ മൊഴി നൽകി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ ഒന്നാം സാക്ഷിയുടെ വിസ്താര വേളയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ്.ജി പടിക്കലിന്റെ ചോദ്യത്തിന് മറുപടിയായാണ് സാക്ഷി മൊഴി നൽകിയത്.
വന്ദന കൊല്ലപ്പെട്ട ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റിയിൽ ജോലി നോക്കിയിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് വിസ്തരിച്ചത്. സംഭവ ദിവസം രാവിലെ അഞ്ചോടെ പൂയപ്പള്ളി പൊലീസ് പ്രതിയെ കൊട്ടാരക്കര ഗവ. ആശുപത്രിയിൽ കൊണ്ടുവന്നുവെന്നും തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രതി തലയിൽ കുത്തുന്നത് കണ്ടെന്നും സാക്ഷി കോടതിയിൽ മൊഴി നൽകി. തുടർന്ന് ഹോസ്പിറ്റലിലെ ഒബ്സർവേഷൻ മുറിയിൽ വച്ച് പ്രതി, വന്ദനയെ തുരുതുരെ കുത്തുന്നത് കണ്ടതായും സാക്ഷി മൊഴി നൽകി. ഇപ്രകാരം ആക്രമിച്ചയാളെ അറിയാമോ എന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സാക്ഷി കോടതിയിലുള്ള പ്രതി സന്ദീപിനെ തിരിച്ചറിഞ്ഞു.
പ്രതി ആശുപത്രിയിൽ ഉപയോഗിക്കുന്ന തരം സർജിക്കൽ സിസ്സേഴ്സാണ് കൃത്യത്തിന് ഉപയോഗിച്ചത്. കോടതിയിൽ ഉണ്ടായിരുന്ന ആയുധവും .കൃത്യം നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഡോ. വന്ദനയുടെ സ്റ്റെതസ്കോപ്പും വസ്ത്രങ്ങളും സാക്ഷിതിരിച്ചറിഞ്ഞു. തുടർ സാക്ഷി വിസ്താരം ഇന്ന് നടക്കും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |