വാഷിംഗ്ടൺ: വാർത്തകളിൽ നിറസാന്നിദ്ധ്യമാണ് യു.എഫ്.ഒകൾ അഥവാ പറക്കുന്ന അജ്ഞാത വസ്തുക്കൾ. യു.എഫ്.ഒകളെ കണ്ടത് സംബന്ധിച്ച സർക്കാർ റിപ്പോർട്ടുകൾ യു.എസ് നേരത്തെ പുറത്തുവിട്ടിരുന്നു. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ ആകാശവസ്തുക്കൾ അന്യഗ്രഹജീവികളുടെ വാഹനമായിരിക്കാമെന്നും അല്ലെങ്കിൽ ശത്രു രാജ്യങ്ങളുടെ രഹസ്യ പേടകമായിരിക്കാമെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. പക്ഷേ, ഒന്നിനും തെളിവില്ല. യു.എഫ്.ഒകളെ കണ്ടെന്ന നിരവധി റിപ്പോർട്ടുകളുണ്ട്. അത്തരത്തിൽ നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഓസ്ട്രേലിയയിൽ തെളിയിക്കപ്പെടാത്ത കേസുകളിൽ മുന്നിൽ ഒരു യു.എഫ്.ഒ കേസുണ്ട്.!
അതൊരു വിമാനമല്ല !
1978 ഒക്ടോബർ 21ന് രാത്രി 7.06 ന് മെൽബണിലെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് 20 വയസുള്ള ഫ്രെഡറിക് വാലെന്റിഷ് എന്ന പൈലറ്റിന്റെ ഒരു സന്ദേശമെത്തി. ഓസ്ട്രേലിയയിലെ ബേസ് സ്ട്രെയിറ്റ് ഭാഗത്തെ കടലിന് മുകളിലൂടെ സെസ്‌ന 182 എൽ എന്ന ചെറു വിമാനം പറത്തുകയായിരുന്ന ഫ്രെഡറികിനെ ഒരു വസ്‌തു പിന്തുടരുന്നു എന്നായിരുന്നു സന്ദേശം.
തന്റെ വിമാനത്തിന് ഏകദേശം 4,500 അടി മുകളിലായിട്ടാണ് പറക്കുന്ന ഒരു വസ്‌തു പിന്തുടരുന്നതെന്ന് ഫ്രെഡറിക് കൺട്രോൾ റൂമിനെ അറിയിച്ചു. അന്നേരം മറ്റു വിമാനങ്ങൾ ഒന്നും ആ പാതയിൽ ഇല്ലായിരുന്നു. തന്നെ പിന്തുടരുന്നത് ഒരു വിമാനം തന്നെയാണോ എന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നാണ് ഫ്രെഡറിക് അറിയിച്ചത്. പക്ഷേ, ആ വാഹനത്തിലെ നാല് ലൈറ്റുകൾ തനിക്ക് കാണാമെന്ന് ഫ്രെഡറിക് കൺട്രോൾ റൂം അധികൃതരെ അറിയിച്ചു.
വൈകാതെ കിഴക്ക് ഭാഗത്ത് നിന്ന് ആ വസ്‌തു ഫ്രെഡറികിന്റെ വിമാനത്തെ ലക്ഷ്യമാക്കി അടുക്കുകയും ക്രമേണ അത് ഫ്രെഡറികിന്റെ വിമാനത്തിന് മുകളിലെത്തുകയും ചെയ്തു. തിളങ്ങുന്ന ഏതോ ലോഹത്താൽ നിർമിതമായ ആ വസ്‌തുവിൽ നിന്ന് പച്ച നിറത്തിലെ പ്രകാശം പുറത്തു വരുന്നതായി ഫ്രെഡറിക് കണ്ടു. അതിനെ കൂടുതൽ നിരീക്ഷിക്കാൻ സമയം കിട്ടുന്നതിന് മുന്നേ ഫ്രെഡറികിന്റെ വിമാനത്തിന്റെ എൻജിൻ തകരാറിലായി. കൺട്രോൾ റൂമിലുള്ളവരെ ഞെട്ടിച്ചുകൊണ്ട് ഫ്രെഡറിക് അവസാനമായി പറഞ്ഞു ;' ഇതൊരു വിമാനമല്ല '...! പിന്നാലെ, ലോഹങ്ങൾ തമ്മിൽ കൂട്ടി ഉരസുന്ന പോലുള്ള ശബ്ദങ്ങളാണ് കൺട്രോൾ റൂമിലിരുന്നവർ കേട്ടത്.
വൈകാതെ തന്നെ ഫ്രെഡറികുമായുള്ള ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെടുകയും ചെയ്തു. സമയം പാഴാക്കാതെ ഓസ്ട്രേലിയൻ എയർഫോഴ്‌സിന്റെ വിമാനങ്ങൾ ഫ്രെഡറികിനായുള്ള തിരച്ചിൽ ആരംഭിച്ചു. വിമാനം കാണാതായി എന്ന് കരുതപ്പെടുന്ന ഭാഗത്തും കിലോമീറ്ററുകളോളം ചുറ്റളവിലും കടലിലും ആകാശത്തുമായി വ്യാപക തിരച്ചിൽ നടന്നെങ്കിലും ഫ്രെഡറിക്കിന്റെയോ വിമാനത്തിന്റെയോ യാതൊരു വിവരവും ലഭിച്ചില്ല. നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ തിരച്ചിൽ അവസാനിപ്പിച്ചു.
എവിടെ പോയി ?
ഒന്നുകിൽ ഫ്രെഡറികിന്റെ വിമാനം താഴേക്ക് നിയന്ത്രണം വിട്ട് സഞ്ചരിച്ചിരിക്കാമെന്നും സ്വന്തം വിമാനത്തിന്റെ തന്നെ പ്രകാശത്തിന്റെ പ്രതിഫലമാനമായിരിക്കാം ഫ്രെഡറിക് കണ്ടതെന്നും അധികൃതർ സംശയം പ്രകടിപ്പിച്ചു. കാരണം, വിമാനം പറത്തലിൽ ഫ്രെഡറികിന് വേണ്ടത്ര മുൻപരിചയം ഇല്ലായിരുന്നു. അല്ലെങ്കിൽ, ഒരു ഓളിച്ചോടലിനായോ ആത്മഹത്യയ്ക്കായോ എല്ലാം ഫ്രെഡറിക് തന്നെ സൃഷ്ടിച്ചതാകാമെന്നും ചിലർ വാദിച്ചു.
അന്യഗ്രഹജീവികളും പറക്കും തളികകളും ഉണ്ടെന്ന് അഗാതമായി വിശ്വസിച്ചിരുന്നയാളാണ് ഫ്രെഡറിക്. അതുകൊണ്ട് തന്നെ തിരോധാനം ഫ്രെഡറിക് മനഃപൂർവം സൃഷ്ടിച്ചതാകാമെന്ന് പലരും വിശ്വസിച്ചു. എന്നാൽ, ശരിക്കും ഫ്രെഡറിക് എവിടെ പോയെന്നോ എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിനോ ആർക്കും കൃത്യമായ ഉത്തരമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |